ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ ഫ്രാന്‍സിന്റെ എ 380 വിമാനം കാനഡയില്‍ അടിയന്തരമായി ഇറക്കി.പാരീസ്: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ ഫ്രാന്‍സിന്റെ എ 380 വിമാനം കാനഡയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ എഞ്ചിനികളിലൊരെണ്ണത്തിന് ഗുരുതര തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. യാത്രക്കാരെ പരിക്കുകളില്ലാതെ വിമാനത്തില്‍ നിന്ന് ഇറക്കിയതായി അധികൃതര്‍ പറഞ്ഞു. വിമാനത്തിന്റെ എഞ്ചിന് കേടുപാടുകള്‍ പറ്റിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നുണ്ട്. 496 യാത്രക്കാരും 24 ജീവനക്കാരുമായി പാരീസില്‍ നിന്ന് അമേരിക്കയിലെ ലോസാഞ്ജലസിലേക്ക് പോവുകയായിരുന്നു രണ്ടു നിലകളുള്ള വിമാനം. പറന്നു കൊണ്ടിരിക്കെ വിമാനത്തിന് വിറയലും വന്‍ കുലുക്കവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ, വിമാനത്തിന്റെ എഞ്ചിനുകളിലൊരെണ്ണം തകരാറിലായതായി പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഇതോടൊപ്പം വിമാനം സാധാരണ പറക്കുന്ന ഉയരത്തില്‍ നിന്ന് താഴേക്ക് പോവുകയും ചെയ്തു. തകരാര്‍ കണ്ടെത്തിയതോടെ വിമാനം കിഴക്കന്‍ കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പൈലറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളം അടിയന്തര ലാന്‍ഡിംഗ് സജ്ജമാക്കി. അഗ്നിശമനസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സുകളുമെല്ലാം വിമാനത്താവളത്തില്‍ നിരന്നു. ക്ഷണനേരത്തിനുള്ളില്‍ തന്നെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതരായി വിമാനത്തില്‍ നിന്ന് ഇറക്കി. എഞ്ചിന് തകരാറുണ്ടാവാനുള്ള കാരണം അറിവായിട്ടില്ല. 2010ലും എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് എ 380 വിമാനം സിംഗപ്പൂരില്‍ അടിയന്തരമായി ഇറക്കിയിരുന്നു.

Post A Comment: