ജയിലില്‍ നിന്നു ജാമ്യം കിട്ടി പുറത്തെത്തിയ ദിലീപ് രാമലീലയുടെ വിജയം ആഘോഷമാക്കുന്നു.


കൊച്ചി: ജയിലില്‍ നിന്നു ജാമ്യം കിട്ടി പുറത്തെത്തിയ ദിലീപ് രാമലീലയുടെ വിജയം ആഘോഷമാക്കുന്നു. മാതൃഭൂമി ഒഴികെയുള്ള പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കിയാണ് വിജയം കൊണ്ടാടിയിരിക്കുന്നത്. ദിലീപിന്‍റെ പൂര്‍ണമായ ചിത്രത്തോടൊപ്പം പത്രത്തില്‍ പരസ്യം വന്നത്. ജനപ്രിയ വിജയം എന്ന പേരിലാണ് പരസ്യം. വിജയകരമായി പ്രദര്‍ശനം തുടരുന്നു, നന്ദിയെന്നു മറ്റൊരു കുറിപ്പുകൂടിയുണ്ട് പരസ്യത്തില്‍. പിന്നെ രാമലീല ഓടുന്ന തീയറ്ററുകളുടെ പട്ടികയാണ് ഒപ്പമുള്ളത്. സിനിമകളുടെ വിജയത്തിന് ഇത്തരം പരസ്യങ്ങള്‍ പതിവില്ല. എന്നാല്‍, ടോമിച്ചന്‍ മുളകുപാടത്തിന്‍റെ തന്നെ പുലിമുരുകന്‍റെ ത്രിഡി പതിപ്പിറങ്ങിയപ്പോള്‍ സമാനമായ പരസ്യം കൊടുത്തിരുന്നു. മാതൃഭൂമി പത്രത്തിനു പരസ്യമില്ലെന്നതും ശ്രദ്ധേയമായി. ചലച്ചിത്ര സംഘടനകള്‍ മാതൃഭൂമിക്ക് പരസ്യം നല്കുന്നത് നിറുത്തിവയ്ക്കുകയും ഓണച്ചിത്രങ്ങളുടെ പരസ്യം നല്കാതിരുന്നതിനെ തുടര്‍ന്ന് മോശം ചിത്രങ്ങളെ കൊന്നു കൊലവിളിച്ച്‌ മാതൃഭൂമി എഴുതുകയും ചെയ്തതു വാര്‍ത്തയായിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിലും മാതൃഭൂമി ഇരയ്ക്ക് അനുകൂലമായ ശക്തമായ നിലപാട് എടുത്തിരുന്നു.
ഇതേസമയം, സിനിമാ രംഗത്തെ പ്രമുഖര്‍ ദിലീപിനെ കാണാനായി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഒഴുകുകയാണ്. ദിലീപ് മകനെപ്പോലെയാണെന്നും ആരൊക്കെ എതിര്‍ത്താലും ദിലീപിനൊപ്പം നില്‍ക്കുമെന്നും പറഞ്ഞ നടി കെപിഎസി ലളിത ഇന്നലെ വീട്ടിലെത്തി ദിലീപിനെ കണ്ടു. രാമലീലയുടെ സംവിധായകനും നിര്‍മാതാവും ദിലീപിനെ വീട്ടിലെത്തി കണ്ടു.

Post A Comment: