എസ്. ജാനകി എന്ന ഗാനകോകിലം 60 വര്‍ഷത്തിലധികം നീണ്ട തന്‍റെ സംഗീത സപര്യയോട് വിട ചൊല്ലി.

മൈസൂരു: ഗാനകോകിലം എസ്. ജാനകി 60 വര്‍ഷത്തിലധികം നീണ്ട തന്‍റെ സംഗീത സപര്യയോട് വിട ചൊല്ലി. തെന്നിന്ത്യയുടെ വാനമ്പാടി ഇനി പൊതു വേദികളില്‍ പാടില്ല. മൈസൂരിലെ മാനസഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ജാനകിയമ്മ മതി വരുവോളം പാടിത്തീര്‍ത്തു. പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണ് പാട്ട് മതിയാക്കാന്‍ തീരുമാനിച്ചത്. ഇളം നീല നിറത്തിലുള്ള സാരിയുടുത്ത് മകന്‍ മുരളീ കൃഷ്ണന്‍റെ കൈപിടിച്ചാണ് പാട്ടിന്‍റെ പൂങ്കുയില്‍ എത്തിയത്. മൈസൂരു കൊട്ടാരത്തിലെ രാജമാതാവ് പ്രമോദ ദേവിയും കന്നഡ സിനിമാ താരങ്ങളും പ്രിയഗായികയെ സ്വീകരിക്കാനെത്തിയിരുന്നു. സംഗീത സംവിധായകന്‍ രാജനാഗേന്ദ്ര, കന്നഡ നടിമാരായ ജയന്തി, ഭാരതി വിഷ്ണുവര്‍ധന്‍, ഹേമ ചൗധരി, ഷൈലശ്രീ, പ്രതിമാദേവി, നടന്‍ രാജേഷ് തുടങ്ങിയവര്‍ ഒരിക്കല്‍ കൂടി തങ്ങളുടെ പ്രിയഗായികയുടെ സ്വരമാധുര്യം നുകരാനായി എത്തി. 'ഗണവദനേ ഗുണസാഗരേ' എന്ന കന്നഡ ഗാനത്തില്‍ തുടങ്ങി 'സന്ധ്യേ, കണ്ണീരിതെന്തേ' ഉള്‍പ്പടെയുള്ള മലയാള ഗാനങ്ങളും ആ കണ്ഡത്തില്‍ നിന്ന് അനര്‍ഗളനിര്‍ഗളം ഒഴുകി. 42ഓളം ഗാനങ്ങള്‍ പാടി ആസ്വാദകരെ സംഗീത നിര്‍വൃതി പുല്‍കിച്ചാണ് അനുഗ്രഹീത ഗായിക വേദിയോട് വിട ചൊല്ലിയത്.


Post A Comment: