പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു



പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു. മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്ന് ജാനകി പറഞ്ഞു. കഴിഞ്ഞവര്‍ഷം 'പത്തുകല്‍പ്പനകള്‍' എന്ന മലയാളസിനിമയില്‍ പാടിയശേഷം സംഗീതജീവിതം നിര്‍ത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍, മൈസൂരു മലയാളിയായ മനു ബി. മേനോന്‍ നേതൃത്വംനല്‍കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്. 'അതുകഴിഞ്ഞാല്‍ സിനിമകളിലോ സംഗീതപരിപാടികളിലോ പാടാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഞാനുണ്ടാവില്ല' -എസ്. ജാനകി പറഞ്ഞു. സാധാരണജീവിതം നയിക്കുകയാണ് ലക്ഷ്യം. ഒട്ടേറെ ഭാഷകളിലായി മതിവരുവോളം പാട്ടുകള്‍ പാടിയെന്നും അവര്‍ പറഞ്ഞു.മൈസൂരുവിലെ വേദിയില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കുവേണ്ടി മലയാളം പാട്ടുകള്‍ പാടുമെന്നും അവര്‍ പറഞ്ഞു. മാനസഗംഗോത്രിയിലെ ഓപ്പണ്‍എയര്‍ ഓഡിറ്റോറിയത്തില്‍ 28-ന് വൈകീട്ട് 5.30 മുതല്‍ രാത്രി 10.30 വരെയാണ് പരിപാടി.

Post A Comment: