സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി


കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് കിട്ടാതെ വരികയാണെങ്കിലാണ് മുഖ്യമന്ത്രിയെ സമീപിക്കുക. ഇതുസംബന്ധിച്ച്‌ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരോപണവിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാത്തത് സാമാന്യനീതി നിഷേധിക്കലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിനെ കുറിച്ച്‌ അറിയാന്‍ ആരോപണവിധേയര്‍ക്ക് അവകാശമുണ്ട്. ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ടേംസ് ഓഫ് റഫറന്‍സിലെ കണ്ടെത്തലുകള്‍ എന്താണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. പലതും സര്‍ക്കാര്‍ മറച്ചുവെക്കുന്നു എന്ന പ്രതീതിയാണ് ഇത് സൃഷ്ടിക്കുന്നത്. എല്ലാ കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും ടേംസ് ഓഫ് റഫറന്‍സിനാണ് പ്രാധാന്യം. ഉമ്മന്‍ ചാണ്ടി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഉമ്മന്‍ ചാണ്ടി വിവരാവകാശനിയമപ്രകാരം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യവസ്ഥയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്.

Post A Comment: