ഈമാസം 13ന് സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍പമ്പുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

തൃശൂര്‍: ഈമാസം 13ന് സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍പമ്പുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിക്കുക, പെട്രോളിയം കമ്പനികള്‍ ദിവസേന നടപ്പിലാക്കുന്ന നിരക്ക് പരിഷ്‌കരണത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് അടിയന്തിര ഇടപെടല്‍ നടത്തുത, ഡീലര്‍മാരുടെ അഭിപ്രായം തേടാതെ കമ്പനികള്‍ നടപ്പിലാക്കിയ പ്രവര്‍ത്തന ശൈലീ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യാ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് കഴിഞ്ഞദിവസം പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് ഐക്യദാര്‍ഡ്യമായാണ് സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍പമ്പ് ഉടമകളും സമരത്തിലേക്ക് നീങ്ങുന്നത്. 13നു നടക്കുന്ന സൂചനാ പണിമുടക്കില്‍ ഫലം കണ്ടില്ലെങ്കില്‍ ഈമാസം 27 മുതല്‍ രാജ്യവ്യാപകമായി അനിശ്ചിതകാല സമരം നടത്തുമെന്നും സംഘടന വ്യക്തമാക്കി. രാജ്യത്തെ പ്രധാന പെട്രോളിയം കമ്പനികള്‍ സ്വമേധയാ നടപ്പിലാക്കുന്ന നിരക്കിനാണ് നിലവില്‍ ഡീലര്‍മാര്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നത്. ഇതിനാല്‍ ഒരേ ഉല്‍പ്പന്നത്തിന് ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നത് വിവിധ വിലയാണ്. ഇത് ഡീലര്‍മാര്‍ നിശ്ചയിക്കുന്ന വിലയായി ഉപഭോക്താക്കളായ ജനം തെറ്റിദ്ധരിക്കുകയാണെന്നും സംഘടന അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സമരം സംബന്ധിച്ച തീരുമാനം ഉണ്ടായത്. അതേസമയം സര്‍ക്കാര്‍ പൊതുമേഖലാ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പുകള്‍ 13ന് തുറന്നു പ്രവര്‍ത്തിക്കും. സംഘടനാ ഭാരവാഹികളായ കെ.പി.ശിവാനന്ദന്‍, എം.രാധാകൃഷ്ണന്‍, ടി.ബി.രാംകുമാര്‍, പി.മൂസ, വെങ്കിടേശ്വര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Post A Comment: