സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കൊല്ലം: സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടി പുലര്‍ച്ചെ രണ്ടു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ ഗൗരിയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കെട്ടിടത്തില്‍ നിന്നും വീണ് സാരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ രണ്ട് അദ്ധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുട്ടിയുടെ ക്ലാസ്സ്ടീച്ചര്‍ ക്രെസന്റ്, കുട്ടിയുടെ അനുജത്തി പഠിക്കുന്ന എട്ടാം ക്ളാസ്സിലെ ക്ലാസ്സ്ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരുടെ മാനസീക പീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലായിരുന്നു കേസെടുത്തത്. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് അധ്യാപികമാര്‍ ഒളിവിലാണ്. അധ്യാപികമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനുള്ള നീക്കവും ഇവര്‍ നടത്തുന്നതായിട്ടാണ് വിവരം. ഗൗരി അതേ സ്കൂളില്‍ തന്നെ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന അനുജത്തിക്ക് ക്ലാസ്സിലെ മറ്റൊരു കുട്ടിയുമായുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ പതിവായി എത്തുമായിരുന്നു. ഇതറിഞ്ഞ ആ ക്ലാസ്സിലെ ടീച്ചര്‍ സിന്ധു പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുകയും അവിടെ വെച്ച്‌ സിന്ധുവും ക്രെസന്റും മാനസീകമായി പീഡിപ്പിച്ചെന്നുമാണ് ഗൗരിയുടെ മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി.
സ്കൂളിന്‍റെ മൂന്നാം നിലയിലുള്ള പ്രൈമറി ബ്ലോക്കിന്‍റെ മുകളില്‍ നിന്നാണ് കുട്ടി താഴേയ്ക്ക് ചാടിയത്. രാമന്‍കുളങ്ങര സ്വദേശിയായ കുട്ടി ഉച്ചഭക്ഷണത്തിന്‍റെ ഇടവേള കഴിഞ്ഞ ഒന്നരയോടെ ബെല്ലടിച്ച ശേഷമാണ് കെട്ടിടത്തിന്‍റെ മുകളിലേക്ക് പോയത്. പോസ്റ്റുമാര്‍ട്ടം നടപടികള്‍ തിരുവനന്തപുരത്ത് നടക്കും. തലയ്ക്കും നട്ടെല്ലിനുമായിരുന്നു പരിക്കേറ്റിരുന്നത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്‍റെയും മാതാവിന്‍റെയും മൊഴിയെടുത്തു. പെണ്‍കുട്ടിക്ക് കൊല്ലത്തെ ചില ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

Post A Comment: