ഫാ ടോം ഉഴുന്നാലില്‍ ഇന്ന് ജന്‍മനാട്ടിലെത്തും.

കൊച്ചി: ഫാ ടോം ഉഴുന്നാലില്‍ ഇന്ന് ജന്‍മനാട്ടിലെത്തും. ബംഗ്ലൂരുവില്‍ നിന്ന് കൊച്ചിയിലെത്തുന്ന ടോം ഉഴുന്നാലില്‍ വൈകീട്ട് നാലിന് പാല ബിഷപ്പ് ഹൗസില്‍ എത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകീട്ടോടെ ജന്‍മനാടായ രാമപുരം സെന്റ് അഗസ്റ്റ്യസ് പള്ളിയില്‍ അദ്ദേഹത്തിന്റെ മുഖ്യ കാര്‍മിത്വത്തില്‍ കൃതജ്ഞത ബലി നടത്തും. തുടര്‍ന്ന് രാത്രി എട്ടരയോടെയാകും ജന്‍മ ഗൃഹത്തിലെത്തുക. മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ സന്ദര്‍ശിക്കും. യെമനില്‍ 556 ദിവസം ഭീകരരുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിപ്പിക്കപ്പെട്ട ഫാദര്‍ ടോം കഴിഞ്ഞ ദിവസമാണ് റോമില്‍ നിന്ന് ദില്ലിയില്‍ എത്തിയത്. ദില്ലിയിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ തന്റെ മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദി ഫാദര്‍ ടോം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. 2016 മാര്‍ച്ച്‌ നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.

Post A Comment: