വേങ്ങരയിലെ 1.70 ലക്ഷം വോട്ടര്‍മാര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്


മലപ്പുറം: വേങ്ങരയിലെ 1.70 ലക്ഷം വോട്ടര്‍മാര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഒരുമാസത്തെ തിരക്കിട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ വേങ്ങര ഇന്ന് വിധിയെഴുതും. 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്ന് വിജയിച്ച മുസ്‌ലിം ലീഗിന്‍റെ പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടതോടെ രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫിനായി അഡ്വ. കെ.എന്‍.എ.ഖാദര്‍, എല്‍.ഡി.എഫിനായി അഡ്വ. പി.പി.ബഷീര്‍, എന്‍.ഡി.എക്കായി കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, എസ്.ഡി.പി.ഐക്കായി അഡ്വ. കെ.സി.നസീര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്, അഡ്വ. ഹംസ കറുമണ്ണില്‍, ശ്രീനിവാസ് എന്നീ സ്വതന്ത്രസ്ഥാനാര്‍ഥികളും രംഗത്തുണ്ട്. 87,750 പുരുഷന്‍മാരും 82,259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ മൂന്ന് സര്‍വിസ് വോട്ടും ഉള്‍പ്പെടും. 90 സ്ഥലങ്ങളിലായി 148 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 17 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ സവിശേഷത. ഇതുമൂലം ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന കാര്യത്തില്‍ വോട്ടര്‍ക്ക് വ്യക്തത ലഭിക്കും. സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ ഏഴ് സെക്കന്റ് നേരം സ്‌ക്രീനില്‍ തെളിഞ്ഞുകാണും. ഒക്‌ടോബര്‍ 15ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പ് കഴിയുംവരെ ഏതെങ്കിലുംവിധത്തിലുള്ള എക്‌സിറ്റ് പോളുകള്‍ നടത്തുന്നത് നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Post A Comment: