പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദലിത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ തിരിച്ചറിയില്‍ പരേഡ് നടത്തി


തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദലിത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ തിരിച്ചറിയില്‍ പരേഡ് നടത്തി. തിരിച്ചറിയല്‍ പരേഡില്‍ വിനായകനെ മര്‍ദിച്ച പോലീസുകരെ സുഹൃത്ത് തിരിച്ചറിഞ്ഞു. സംഭവ സമയം വിനായകന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശരത് ആണ് പോലീസുകാരെ തിരിച്ചറിഞ്ഞത്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പോളയ്ക്കല്‍ പങ്കന്‍തോട് കോളനിയിലെ വിനായകനാണ് പോലീസ് കസ്റ്റഡിയില്‍ മര്‍ദനവും കടുത്ത അപമാനവും ഏറ്റതിനെതുടര്‍ന്ന് ജീവനൊടുക്കിയത്. വിനായകിന് ക്രൂരപീഡനം ഏറ്റുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തലക്കും നെഞ്ചിലും മര്‍ദനമേറ്റതിന്‍റെയും കാലിലും ശരീരത്തിലും ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതിന്‍റെയും പാടുകള്‍ ഉള്ളതായി റിപ്പോര്‍ട്ടിലുണ്ട്. വലത്തെ മുലഞെട്ടുകള്‍ പിടിച്ചുടക്കുകയും ശരീരം മുഴുവന്‍ മര്‍ദനമേല്‍ക്കുകയും ചെയ്തു. വിനായകനെ മര്‍ദിച്ചിട്ടില്ലെന്നും അച്ഛനെ വിളിച്ചുവരുത്തി പറഞ്ഞയച്ചെന്നുമായിരുന്നു പോലീസ് വിശദീകരണം. 19 കാരനായ വിനായകനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പോലീസ് പിടികൂടിയത്. വിനായകന് പോലീസ് കസ്റ്റഡിയില്‍ കൊടിയ മര്‍ദനം ഏല്‍ക്കേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത് ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി അസി. കമ്മിഷണറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു.

Post A Comment: