കേരള കലാമണ്ഡലം കൂത്തമ്പലത്തില്‍ വിസ്മയം തീര്‍ത്ത് വള്ളത്തോളിന്‍റെ മാതൃവന്ദനത്തിനു നൃത്താവിഷ്കാരം

ചെറുതുരുത്തി: കേരള കലാമണ്ഡലം കൂത്തമ്പലത്തില്‍ വിസ്മയം തീര്‍ത്ത് വള്ളത്തോളിന്‍റെ മാതൃവന്ദനത്തിനു നൃത്താവിഷ്കാരം. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍  നടക്കുന്ന ഭാഷാ ദിനാചരണത്തിന്‍റെ ഭാഗമായാണ് കലാമണ്ഡലത്തിലെ അറുപത് നര്‍ത്തകിമാര്‍ ചേര്‍ന്ന് മാതൃവന്ദനം എന്ന കവിതക്ക് നൃത്താവിഷ്‌കാരം രചിച്ചത്. മോഹിനിയാട്ടം രൂപത്തിലാണ് നൃത്തമവതരിപ്പിച്ചത്. സിന്ധുഭൈരവി രാഗത്തില്‍ ഈണം നല്‍കിയ  വന്ദിപ്പിന്‍ മാതാവിനെ.. എന്ന് തുടങ്ങുന്ന കവിതയ്ക്ക് വാണി വേണുഗോപാലും ഗായത്രിയും ചേര്‍ന്ന് ശബ്ദം നല്‍കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഡോ.രാഘവന്‍ പയ്യനാട് മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് അധ്യക്ഷയായി.  ഡോ. സി.എം. നീലകണ്ഠന്‍, ഡോ.വി.കെ.വിജയന്‍, വള്ളത്തോള്‍ വാസന്തിമേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരളകലാമണ്ഡലം കഥകളി വടക്കന്‍ വിഭാഗം മഹാകവി വള്ളത്തോളിന്റെ മലയാളത്തിന്റെ തല എന്ന കവിത കഥകളിയായി അവതരിപ്പിക്കും. ദിനാചരണത്തോടനുബന്ധിച്ച് നവംബര്‍ മൂന്നാം തിയ്യതി വൈകുന്നേരം ആറു മണിക്ക് കൂത്തമ്പലത്തിലാണ് അവതരണം. മലയാളത്തിന്‍റെയും  കേരളത്തിന്‍റെയും അഭിമാനമായ വേദാന്താചാര്യന്‍  ശ്രീ ശങ്കരാചാര്യര്‍ ശൈവപാശുപതനായ സന്ന്യാസിക്ക് മോക്ഷം കിട്ടാന്‍ വേണ്ടി സ്വന്തം തല വെട്ടി ഹോമിക്കാന്‍ അനുവദിക്കുന്നതും ശിഷ്യനായ പത്മപാദര്‍ ഉടന്‍ തന്നില്‍ നരസിംഹം ആവേശിച്ച് പാശുപതനെ കൊന്ന് ശങ്കരാചാര്യരെ രക്ഷിക്കുന്നതുമായ കഥാഭാഗമാണ് വള്ളത്തോളിന്റെ കവിതയുടെ പ്രതിപാദ്യം. ഇത് കവിതയിലെ തന്നെ ഈരടികളും ആവശ്യാനുസരണം കഥകളി ചിട്ടക്കനുസരിച്ച് സംസ്‌കൃതത്തിലുളള അവതരണ ശ്ലോകങ്ങളും പദങ്ങളും കൂട്ടിച്ചേര്‍ത്താണ് രംഗാവതരണം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശങ്കരാചാര്യന്‍, ശിഷ്യന്‍ പത്മപാദര്‍ (മിനുക്കു വേഷങ്ങള്‍), പാശുപതന്‍ (ചുവന്ന താടിയും ശൈവ പാശുപാത സന്ന്യാസി വേഷവും), നരസിംഹം എന്നീ വേഷങ്ങളാണ് രംഗത്തു വരുക. കലാമണ്ഡലത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് കഥകളി അവതരിപ്പിക്കുന്നത്. പാശുപതന്റെ ചുവന്നതാടി വേഷം തലയോട്ടിമാല തുടങ്ങിയ ശൈവ പാശുപത ചിഹ്നങ്ങളോടു കൂടിയാണ് അവതരിപ്പിക്കുന്നത.് കലാമണ്ഡലം എമിറിറ്റസ് പ്രൊഫസര്‍ പത്മശ്രീ കലാമണ്ഡലം ഗോപി, വിസിറ്റിങ്ങ് പ്രൊഫസര്‍ എം.പി.എസ് നമ്പൂതിരി, കഥകളി വടക്കന്‍ വിഭാഗം അദ്ധ്യക്ഷന്‍ കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, അക്കാദമിക്ക് ഡയറക്ടര്‍ ഡോ.സി.എം. നിലകണഠന്‍, രജിസ്ട്രാര്‍ ഡോ.കെ.കെ. സുന്ദരശേന്‍ എന്നിവര്‍ ചിട്ടപ്പെടുത്തലുകള്‍ക്കും ചൊല്ലിയാട്ടത്തിനും നേതൃത്വം കൊടുക്കും.    Post A Comment: