നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ ആത്മഹത്യ സംബന്ധിച്ച കേസന്വേഷണം സിബിഐക്കു വിട്ടുകൊണ്ടുള്ള കേരളത്തിന്‍റെ ഉത്തരവു കിട്ടിയിട്ടില്ലെന്ന് സിബിഐദില്ലി: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ ആത്മഹത്യ സംബന്ധിച്ച കേസന്വേഷണം സിബിഐക്കു വിട്ടുകൊണ്ടുള്ള കേരളത്തിന്‍റെ ഉത്തരവു കിട്ടിയിട്ടില്ലെന്ന് സിബിഐ. അതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ചൊവ്വാഴ്ചയ്ക്കകം സിബിഐ നിലപാടറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ജിഷ്ണു പ്രണോയിയുടെ മരണവും ഷഹീര്‍ ഷൌക്കത്തലിയെന്ന വിദ്യാര്‍ഥിക്കു മര്‍ദനമേറ്റതും സംബന്ധിച്ച കേസുകളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജനുവരി ആറിനു വൈകിട്ടാണു ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചെന്ന ആരോപണം കെട്ടിച്ചമച്ചു ചെയര്‍മാനും കോളജ് അധ്യാപകരും ചേര്‍ന്നു പീഡിപ്പിച്ചെന്നും പിആര്‍ഒ: സഞ്ജിത്തിന്‍റെ മുറിയില്‍ നിന്നിറങ്ങി വരുമ്പോള്‍ ചുണ്ടില്‍ ചോര പൊടിയുന്നുണ്ടായിരുന്നെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുണ്ടായിട്ടും അഞ്ചുപേരെ പ്രതിയാക്കി കേസെടുത്തതു 41ാം ദിവസമാണ്. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശകതിവേല്‍, അസി. പ്രഫ. സി.പി.പ്രവീണ്‍, പിആര്‍ഒ: സഞ്ജിത് വിശ്വനാഥന്‍, അസി. പ്രഫ. ദിപിന്‍ എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ്.

Post A Comment: