ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്ന് നടന്‍ കമല്‍ഹാസന്‍
ചെന്നൈ: ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്ന് നടന്‍ കമല്‍ഹാസന്‍. ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കുന്ന വര്‍ഗീയവത്കരണത്തെ കുറിച്ച് തന്‍റെ നിലപാട് ആരാഞ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് കമല്‍ഹാസന്‍റെ പ്രതികരണം. രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന വാദം വലതുപക്ഷത്തിന് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലൂടെയാണ് കമല്‍ഹാസന്‍ മറുപടി നല്‍കിയത്. ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ മുന്‍പ് അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവരും മസില്‍പവര്‍ കാണിക്കുന്നു.മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് മറുപടി പറയുന്നത്. സിനിമതാരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബി.ജെ.പി നേതാവ് എച്ച്.രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സത്യമേവ ജയതേ എന്ന ആദര്‍ശത്തില്‍ ഹിന്ദുക്കള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പകരം തങ്ങള്‍ ചെയ്യുന്നതാണ് ശരിയെന്ന നിലപാടാണ് അവര്‍ വെച്ചു പലര്‍ത്തുന്നതെന്നും കമല്‍ഹാസന്‍ എഴുതി. കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ജന്മദിനമായ നവംബര്‍ ഏഴിന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post A Comment: