ബിജെപി മുനിസിപ്പല്‍ പ്രസിഡണ്ട് മുരളി സംഘമിത്രയെയാണ് കുന്നംകുളം എസ്ഐ യു കെ ഷാജഹാന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കുന്നംകുളം: വീട്ടില്‍ നിന്നും വടിവാള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന്  ബിജെപി നേതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.  പ്രതിക്ക് സ്റ്റേഷനില്‍ ക്രൂര  മര്‍ദനമേറ്റതായി  ആരോപണം. ബിജെപി മുനിസിപ്പല്‍ പ്രസിഡണ്ട് മുരളി സംഘമിത്രയെയാണ് കുന്നംകുളം എസ്ഐ യു കെ ഷാജഹാന്‍റെ നേതൃത്വത്തില്‍  പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ആനായ്ക്കല്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് മുരളിയുടെ വീട്ടിലെ  സിസിടിവി ക്യാമറ പരിശോധിക്കാനെത്തിയപ്പോഴാണ് വാള്‍ കണ്ടെടുത്തത്. കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാള്‍. ആനായ്ക്കലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി അക്രമസംഭവങ്ങള്‍ നടന്നിരുന്നു. സിപിഎം. സമ്മേളനങ്ങളുടെ ഭാഗമായുള്ള പ്രചരണ ബോര്‍ഡുകള്‍, ബസ് സ്റ്റോപ്പ് എന്നിവ തകര്‍ത്തിരുന്നു. നായ,പൂച്ച തുടങ്ങിയ മൃഗങ്ങളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള റെഡ് ആന്‍ഡ് റെഡ്‌സ് ക്ലബ്ബിലെ നിരീക്ഷണ ക്യാമറ മോഷണം പോകുകയും ചെയ്തിരുന്നു. അക്രമം തുടര്‍ക്കഥയായതോടെയാണ് പോലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ഈ പരിശോധനയ്ക്കിടെയാണ് മുരളിയുടെ വീട്ടില്‍ നിന്ന് വാള്‍ കണ്ടെടുത്തത്. 

ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നേതൃത്വം രംഗത്തെത്തി. സ്റ്റേഷനില്‍ മുരളിയെ മര്‍ദിച്ചു എന്നാരോപിച്ച് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ വ്യാപക അക്രമങ്ങള്‍ നടത്തി.  ബി.ജെ.പി നേതാക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മുരളിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ ചികിത്സക്കായി  ആംബുലന്‍സില്‍ ഇയാളെ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടു പോകുമ്പോള്‍  അനുഗമിച്ച പോലീസ് ജീപ്പിന് നേരെ ഒരു സംഘം അക്രമം അഴിച്ചുവിട്ടു. കല്ലേറില്‍ ജീപ്പിന്‍റെ പിറകിലെ ഗ്ലാസ്സ് പൂര്‍ണ്ണമായി തകര്‍ന്നു. സൈഡ് മീററും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ജീപ്പ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ  പോലീസ് കേസെടുത്തിട്ടുണ്ട്.

മുരളിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകീട്ട്  ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം  നടത്തി. ബിജെപി കാര്യാലയത്തില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു. പ്രകടനത്തിന് ബിജെപി  ജില്ലാ വൈസ് പ്രസിഡന്റ്‌ അനീഷ്‌ ഇയ്യാല്‍, നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ എസ് സന്തോഷ്‌, സുഭാഷ് പാക്കത്ത്, സി ബി ശ്രീഹരി, എം വി ഉല്ലാസ് രജീഷ് അയിനൂര്‍, ഗീതാ ശശി എന്നിവര്‍ നേതൃത്വം നല്‍കി. 

Post A Comment: