ചാലക്കുടിയുടെ മണ്ണിലും കാറ്റിലും മാത്രമല്ല മലയാളക്കരയിലാകെ മണിയെന്ന ആവേശം ഇന്നും ആളിപ്പടരുകയാണ് പി എസ് സ്നിജ . 

ലയാളിയുടെ ചങ്കിലെ താളമായ് മാറിയ പച്ചയായ മനുഷ്യനായിരുന്നു കലാഭവ മണി. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് പ്രേരണ  ഉള്‍ക്കൊണ്ട് വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എറണാംകുളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം നടന്നുവരുന്നു. 

മിമിക്രിയിലൂടെ ജനഹൃദയം കീഴടക്കിയ രാജാമണിയാണ് ചിത്രത്തിലെ നായകന്‍. രൂപത്തിലും സംസാര ശൈലിയിലും മണിയോട് സാമ്യമില്ലെങ്കിലും ഷൂട്ടിങ് സെറ്റില്‍ അതിശയമാംവിധമുള്ള പ്രകടനം കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് രാജാമണി. ചിത്രത്തിന്‍റെ ആദ്യദിന ഷൂട്ടിങ്ങില്‍ രാജാമണി ഏയ് ഓട്ടോഎന്ന ഓട്ടോറിക്ഷയില്‍ നിന്നും പുറത്തിറങ്ങി ചേട്ടായീഎന്ന് വിളിച്ചത് ലൊക്കേഷനെ ഒരു നിമിഷം നിശ്ചലമാക്കി. പെട്ടന്നുള്ള രാജാമണിയുടെ ശബ്ദവും രൂപവും മണി മുന്നില്‍ വന്നു നില്‍ക്കുന്നത് പോലെയെന്ന് കോട്ടയം നസീര്‍ പറഞ്ഞു.

 നിറഞ്ഞ കണ്ണുകളുമായി അഭിനയം മറന്നു നില്‍ക്കുന്ന നസീറിനെ കണ്ട് ഒരുനിമിഷം പതറിപ്പോയ സംവിധായകന്‍ വിനയന്‍ കട്ട് പറയുകയും ഷൂട്ടിംങ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ചിത്രീകരണ വേളയില്‍ തുടര്‍ച്ചയായി ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നതായി അണിയറ പ്രവര്‍ത്തകര്‍ വേദനയോടെ ഓര്‍ക്കുന്നു. ഒരു ദിവസം രാത്രിയില്‍ മേക്കപ്പ് ഇട്ടുനില്‍ക്കുന്ന രാജാമണിയെ കണ്ട് താനും അമ്പരന്നു പോയതായി വിനയന്‍ ഓര്‍ക്കുന്നു. രാജാമണിയുടെ വേഷപ്പകര്‍ച്ചയിലുള്ള ഞെട്ടല്‍ സ്ഥിരാനുഭവം ആവുകയാണിപ്പോള്‍. രാജാമണിയുടെ അതിശയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ മനംനൊന്ത് സഹപ്രവര്‍ത്തകരും മണിയെ നെഞ്ചേറ്റിയവരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായ് കാത്തിരിക്കുന്നത്. മണി തങ്ങളോട് കാണിച്ചത് കറയില്ലാത്ത സ്നേഹമായിരുന്നെന്ന്‍ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. മണിയുടെ ജീവിതത്തിന്‍റെ തനി പകര്‍പ്പ് അല്ലെന്നു സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടും തങ്ങളുടെ മണിചേട്ടന്‍റെ ചിത്രമാണിതെന്നുള്ള വിശ്വാസത്തിലാണ് പ്രേക്ഷകര്‍. 

ചിത്രം ഇതിനോടകം തന്നെ സിനിമാ മേഖലയിലടക്കം ജനഹൃദയത്തില്‍ വേരോടിക്കഴിഞ്ഞു. ഒരു നടനെന്നതിനപ്പുറത്ത് നേരിന്‍റെ ചങ്ങാതിയായി ഇടംനേടിയതാണ് ഈ കലാകാരന്‍. ചാലക്കുടിയുടെ മണ്ണിലും കാറ്റിലും മാത്രമല്ല മലയാളക്കരയിലാകെ മണിയെന്ന ആവേശം ഇന്നും ആളിപ്പടരുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിക്കായ് കേരളക്കര കാത്തിരിക്കുന്നത്.

  ആല്‍ഫാ ഫിലിംസിന്‍റെ ബാനറില്‍ ഗ്ലാഡ്‌സണ്‍ ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തിന് ഉമ്മര്‍ കരിക്കാടാണ് രചന നിര്‍വ്വഹിച്ചത്. പ്രകാശ്‌ കുട്ടിയാണ് ക്യാമറ ചലിപ്പിക്കുന്നത്. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ബിജിപാല്‍ സംഗീതം പകരുന്നു. മാര്‍ച്ച് 30ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Post A Comment: