കഴിഞ്ഞ ഏഴ് മാസങ്ങളായി നഗരസഭയ്ക്ക് സെക്രട്ടറി ഇല്ലാത്തതിനാല്‍ നഗരസഭയുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ് എന്നാരോപിച്ചാണ് രണ്ടു ഘട്ടങ്ങളിലായി യു ഡി എഫ്, ആര്‍ എം പി അംഗങ്ങള്‍ ഇറങ്ങി പോയത്.

കുന്നംകുളം: നഗരസഭാ സെക്രട്ടറിയുടെ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് യു ഡി എഫ്, ആര്‍ എം പി അംഗങ്ങള്‍ നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി. കഴിഞ്ഞ ഏഴ് മാസങ്ങളായി നഗരസഭയ്ക്ക് സെക്രട്ടറി ഇല്ലാത്തതിനാല്‍ നഗരസഭയുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ് എന്നാരോപിച്ചാണ് രണ്ടു ഘട്ടങ്ങളിലായി യു ഡി എഫ്, ആര്‍ എം പി അംഗങ്ങള്‍ ഇറങ്ങി പോയത്. യോഗം ആരഭിച്ചയുടനെ എസ് ബി ഐ ബാങ്കിലുള്ള നഗരസഭാ കറന്റ് അക്കൌണ്ടില്‍ നിന്നും ഇടയ്ക്കിടയ്ക്ക് ബാങ്ക് ചാര്‍ജ് ഈടാക്കുന്നുണ്ട് എന്നും അതിനാല്‍ തന്നെ പൊതുജനത്തെ കൊള്ളയടിക്കുന്ന ഈ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണമെന്നും കഴിയുമെങ്കില്‍ ബാങ്കിലുള്ള രണ്ടുകോടി രൂപ മറ്റു ബാങ്കുകളിലേക്കു മാറ്റണം എന്നും വൈസ് ചെയര്‍മാന്‍ പി എം സുരേഷ് ആവശ്യപെട്ടു. തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് സെക്രട്ടറിയുടെ അഭാവം നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചത്. ഇതിലെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഇറങ്ങി പോക്ക് നടത്തിയത്. നഗരസഭാ ക്രിമിറ്റോറിയം പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയെടുക്കണമെന്ന് ബി ജെ പി കൌണ്‍സിലര്‍ യോഗത്തില്‍ ആവശ്യപെട്ടു. നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, ഷാജി ആലിക്കല്‍, ബിജു സി ബേബി, സോമന്‍ ചെറുകുന്ന്, കെ കെ മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

Post A Comment: