തകര്‍ന്നു വീഴാറായ ഒറ്റമുറി കൂരക്കുള്ളില്‍ അധികൃതരുടെ കനിവ് തേടി അലയുകയാണ് ജിജിയും കുടുംബവും

കുന്നംകുളം: നിയമങ്ങള്‍ ദുരിതങ്ങളാകുന്നത്  എപ്പോഴും സാധാരണ ജനങ്ങള്‍ക്കാണ്. പതിച്ചു കിട്ടിയ രണ്ടു സെന്റ്‌ ഭൂമിയില്‍ വീടുവെക്കാനാകാതെ   നെട്ടോട്ടമോടുകയാണ് ഒരു നിര്‍ധന കുടുംബം. തകര്‍ന്നു വീഴാറായ ഒറ്റമുറി കൂരക്കുള്ളില്‍ അധികൃതരുടെ കനിവ് തേടി അലയുകയാണ് ജിജിയും കുടുംബവും. മഴ കനക്കുംമ്പോഴും വെള്ളം കയറുമ്പോഴും ആശുപത്രികളില്‍ അഭയം തേടിയാണ് രണ്ട് പെണ്കുട്ടികളടങ്ങിയ  ഈ കുടുംബം ജീവിതം തള്ളി നീക്കുന്നത്. 2013 ലെ  കുന്നംകുളം നഗരസഭയുടെ പദ്ധതി പ്രകാരം ആനായ്ക്കല്‍ ചങ്ങനംകുളത്ത് ഉണ്ണികൃഷ്ണന്‍ ഭാര്യ ജിജിക്ക് വീട് വെക്കാന്‍ സ്ഥലം വാങ്ങുന്നതിന് രണ്ടുലക്ഷം രൂപ അനുവദിച്ചുകിട്ടിയിരുന്നു. ഈ തുക ഉപയോഗിച്ച് അന്നത്തെ നഗരസഭാ കൌണ്‍സിലര്‍ ആയിരുന്ന വി ജി അനില്‍ ഇവര്‍ക്ക് ആനായ്ക്കല്‍ പാടത്ത് സെന്റ്‌ ഒന്നിന് ലക്ഷം രൂപ വിലയില്‍ രണ്ട് സെന്റ്‌ സ്ഥലം വാങ്ങി നല്‍കി. അനിലിന്‍റെ സുഹൃത്തിന്‍റെ സ്ഥലമാണ് ഇത്തരത്തില്‍ ഇവര്‍ക്ക് വാങ്ങി നല്‍കിയത്. എന്നാല്‍ തരിശു കിടന്നിരുന്ന ഈ  കൃഷിഭൂമിയില്‍ വീട് വെക്കാന്‍ ജിജിക്ക്  അനുമതി ലഭിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങളായി കൃഷി ഓഫീസിലും വില്ലേജ് ഓഫീസിലും നഗരസഭയിലും കയറിയിറങ്ങിയെങ്കിലും നീര്‍ത്തട സംരക്ഷണ നിയമം ഇവരുടെ മുഴുവന്‍ സ്വപ്നങ്ങളെയും തകര്‍ത്തു. ഇവരുടെ ദയനീയാവസ്ഥ കണ്ട് നഗരസഭയ്ക്ക് വേണമെങ്കില്‍ ഇവര്‍ക്ക് വീടുവെക്കാന്‍ അനുമതി നല്‍കാമെന്നു വില്ലേജ് ഓഫീസര്‍  ശുപാര്‍ശ ചെയ്തെങ്കിലും നിയമത്തിലെ നൂലാമാലകള്‍ ഭയന്ന് നഗരസഭാ അധികൃതര്‍ അതിനും തയ്യാറായില്ല. ഇതിനിടയില്‍ തെങ്ങ് കയറ്റ തൊഴിലാളിയായ ഉണ്ണികൃഷ്ണന്‍ മരത്തില്‍ നിന്ന് വീണ് പണിക്കു പോകാന്‍ കഴിയാതെയായി. വീടെന്ന സ്വപ്നം നടക്കാതായത്തോടെ  മക്കള്‍ക്ക്‌ അസുഖം വരുമ്പോഴും മറ്റു ദുരിത സമയങ്ങളിലും മാസങ്ങളോളം ഇവര്‍ മെഡിക്കല്‍ കോളേജിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും അഭയം തേടുകയാണ് പതിവ്. മൂന്നില്‍ പഠിക്കുന്ന ഇവരുടെ രണ്ടു പെണ്മക്കളുടെയും അഞ്ചില്‍ പഠിക്കുന്ന ആണ്‍കുട്ടിയുടെയും പഠനം ഇതോടെ പലപ്പോഴും നിലക്കുന്ന സ്ഥിതിയിലെത്തി. നഗരസഭ കൌണ്‍സിലര്‍ ഇടപെടല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീടെന്ന സ്വപ്നം സഫലമാകാന്‍ കളക്ടറെയും മറ്റു അധികാരികളെയും സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.

Post A Comment: