ഗെയില്‍ സമരം ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ തിങ്കളാഴ്ച മലപ്പുറത്തെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. പദ്ധതി പ്രദേശത്തെ എംഎല്‍എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും

മലപ്പുറം: ഗെയില്‍ സമരം ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ തിങ്കളാഴ്ച മലപ്പുറത്തെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. പദ്ധതി പ്രദേശത്തെ എംഎല്‍എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍ അറിയിച്ചു. നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു പറഞ്ഞു.  പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്നും പദ്ധതി ജൂണില്‍ കമ്മീഷന്‍ ചെയ്യുമെന്നും ഡിജിഎം അറിയിച്ചു.
കണ്ണുംപൂട്ടി എതിര്‍ക്കുന്നതില്‍ നിന്നും നഷ്ടപരിഹാരപാക്കേജ് ഉയര്‍ത്തിയാല്‍ സഹകരിക്കാം എന്ന നിലപാടിലേക്ക് ആളുകള്‍ വന്നിട്ടുണ്ടെന്നാണ് ഗെയില്‍ അധികൃതര്‍ പറയുന്നത്. പദ്ധതിയുടെ അലൈന്‍മെന്റ് ഇനി മാറ്റി നിര്‍ണയിക്കാന്‍ സാധിക്കില്ല. പൈപ്പ് ലൈനിനെതിരായ സമരങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ ഗെയ്‌ലിന് 70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനെതിരെ മുക്കം പൊലീസില്‍ പരാതി നല്‍കാന്‍ ഗെയില്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ വളരെ വൈകിയാണ് പൈപ്പ് ലൈന്‍ പദ്ധതി കേരളത്തില്‍ നടക്കുന്നത്. ചര്‍ച്ചയുടെ പേരില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചാല്‍ അത് പദ്ധതി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. പൈപ്പ് ലൈന്‍ നിര്‍മ്മാണം നിര്‍ത്തിവച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് സമരസമിതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗെയില്‍ നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്. സമരത്തിന്റെ ഭാഗമായുണ്ടായ അക്രമങ്ങളില്‍ അഞ്ഞൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. സ്ഥലം എംപി എംഐ ഷാനവാസിന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.
ഗെയിലിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്ന എരഞ്ഞിമാവില്‍ നിര്‍മാണപ്രവര്‍ത്തികള്‍ തുടരുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.സമരസമിതിയുമായും ജനങ്ങളുമായും സമവായത്തിലെത്താനുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ഗെയില്‍ പദ്ധതി കടന്നുപോകുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം കൂടുതല്‍ നല്‍കാനുള്ള പോംവഴിയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അതേ സമയം പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവെക്കാതെ ചര്‍ച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും സമരസമിതി ആേേലാചിക്കുന്നുണ്ട്. എരഞ്ഞിമാവില്‍ നടക്കുന്ന യോഗത്തില്‍ സമരസമിതി പ്രതിനിധികളും സമരത്തിന് പിന്തുണ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.


Post A Comment: