നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്റിലെ ജൈവവള ഉത്പാദന കേന്ദ്രത്തിനോട് ചേര്‍ന്നാണ് ചകിരി സംസ്കരണ യുണിറ്റ് സ്ഥാപിക്കുക.

കുന്നംകുളം: കുന്നംകുളത്ത് ചകിരി സംസ്കരണ യുണിറ്റ് സ്ഥാപിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ്‌ ഐസക്.
 കുറുക്കന്പാറയിലെ ജൈവവള ഉത്പാദന കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചെറു നഗരങ്ങള്‍ മാലിന്യമുക്തമാക്കാന്‍ പൌര ബോധം വളരേണ്ടതുണ്ടെന്നും ഉറവിടത്തില്‍ തന്നെ ജൈവ മാലിന്യവും പ്ലാസ്റ്റികും തരം  തിരിച്ചില്ലെങ്കില്‍ മാലിന്യ മുക്ത പദ്ധതികള്‍ക്ക് നിലനില്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്റിലെ ജൈവവള ഉത്പാദന കേന്ദ്രത്തിനോട് ചേര്‍ന്നാണ് ചകിരി സംസ്കരണ യുണിറ്റ് സ്ഥാപിക്കുക. ഇതിനായി ഇവിടെയുള്ള നാലര ഏക്കര്‍ സ്ഥലത്ത് നിന്ന് ആവശ്യമായ സ്ഥലം നഗരസഭ വിട്ടുനല്‍കും. സ്ഥലം ലഭ്യമാകുന്ന മുറക്ക് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി ഇവിടെ നിര്‍മാണം ആരംഭിക്കും. ചകിരി തൊണ്ടില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കുന്ന നാര് ഏറ്റെടുക്കാനും സര്‍ക്കാര്‍  സംവിധാനമൊരുക്കും. ബാക്കി വരുന്ന ചകിരിച്ചോര്‍ ജൈവവള ഉത്പാദനത്തിനു ഉപയോഗിക്കാനാകുന്ന വിധം ക്രമീകരിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, കൌണ്‍സിലര്‍മാര്‍, നഗരസഭ ഉദ്ധ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം സന്ദര്‍ശനത്തിന് എത്തിയിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം നടന്നു കണ്ട മന്ത്രി സന്ദര്‍ശക ബുക്കില്‍ കുറിപ്പെഴുതുകയും പ്ലാന്റിനോട് ചേര്‍ന്ന് പ്ലാവിന്‍തൈ നടുകയും ചെയ്താണ് മടങ്ങിയത്. 


Post A Comment: