റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍റെ പ്രസ്താവനയെ പിന്തുണച്ച്‌ സമിതി അംഗംകൂടിയായ മന്ത്രി എംഎം മണി രംഗത്ത്കോഴിക്കോട്: കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍റെ പ്രസ്താവനയെ പിന്തുണച്ച്‌ സമിതി അംഗംകൂടിയായ മന്ത്രി എംഎം മണി രംഗത്ത്. ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയുമോ എന്നത് പരിശോധന പൂര്‍ത്തിയായാലേ വ്യക്തമാകൂയെന്ന് എംഎം മണി പറഞ്ഞു. സമാനമായ നിലപാടായിരുന്നു കഴിഞ്ഞ ദിവസം റവന്യൂമന്ത്രിയും സ്വീകരിച്ചത്. കുറിഞ്ഞി ഉദ്യാനത്തിന്‍റെ കാര്യത്തില്‍ റവന്യൂമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നതായി എംഎം മണി പറഞ്ഞു. മന്ത്രിതല സമിതിയുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ വിസ്തൃതിയുടെ കാര്യത്തില്‍ വ്യക്തത വരൂ. കുറിഞ്ഞി ഉദ്യാനത്തില്‍ ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയില്ല. എംഎം മണി പറഞ്ഞു. മൂന്നാറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് എംഎം മണി കുറ്റപ്പെടുത്തി. അതിനായുള്ള പരിശ്രമങ്ങള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമ്പോള്‍ ഉദ്യാനത്തിന്‍റെ വിസ്തൃതിയില്‍ കുറവ് വരുമെന്ന് കഴിഞ്ഞ ദിവസം റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച്‌ കുര്യന്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇതിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്തിയതല്ലെന്നും യഥാര്‍ത്ഥ വിസ്തൃതി കണ്ടെത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയുമെന്ന വകുപ്പ് സെക്രട്ടറിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഉദ്യാനത്തിന് അകത്ത് ഭൂമിയുള്ളവരുടെ അഭിപ്രായം സ്വീകരിച്ചും അവരുടെ ആശങ്കകള്‍ പരിഹരിച്ചും മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നും റവന്യു മന്ത്രി വ്യക്തമാക്കി.

നവംബര്‍ 23 നാണ് കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ മൂന്നംഗ മന്ത്രിതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വനംവകുപ്പ് മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്‍റെയും കുടുംബാംഗങ്ങളുടെയും കുറിഞ്ഞി സങ്കേതത്തില്‍പ്പെട്ട ഭൂമിയുടെ പട്ടയം ദേവികുളം സബ്കളക്ടര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിനെതിരെ ജില്ലയിലെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. തുടര്‍ന്നാണ് ഉദ്യാനത്തിന്‍റെ അതിര്‍ത്തി നിര്‍ണിക്കാന്‍ മുഖ്യമന്ത്രി മന്ത്രിതല സമിതിക്ക് രൂപം നല്‍കിയത്.

Post A Comment: