നഗര കേന്ദ്രത്തിലെ റോഡ്‌ തകര്ന്ന് മാസങ്ങള്‍ പിന്നിടുന്നു. പരസ്പരം പഴിചാരി നഗരസഭയും പൊതുമരാമത്ത്‌ വകുപ്പും. യാത്രക്കാര്‍ ദുരിതത്തില്‍

കുന്നംകുളം: നഗര കേന്ദ്രത്തിലെ റോഡ്‌ തകര്‍ന്ന് മാസങ്ങള്‍ പിന്നിടുന്നു. പരസ്പരം പഴിചാരി നഗരസഭയും പൊതുമരാമത്ത്‌ വകുപ്പും. യാത്രക്കാര്‍ ദുരിതത്തില്‍. ഏറെ തിരക്കുള്ള നഗരസഭാ കാര്യാലയത്തിലേക്ക് തിരിയുന്ന  ഭാഗത്തായാണ് കുന്നംകുളം - തൃശൂര്‍ റോഡില്‍ ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. നഗരസഭാ നിര്‍മിച്ച കാനയോട് ചേര്‍ന്നുള്ള ഈ ഗര്‍ത്തം സംസ്ഥാന പാതയിലാണെന്ന് നഗരസഭയും നഗരസഭാ റോഡില്‍ ആണെന്ന് പൊതുമരാമത്തും നിലപാടെടുത്തതോടെ ദുരിതത്തില്‍ ആയത് ഇത്  വഴിയുള്ള യാത്രക്കാര്‍ ആണ്. നഗരത്തിലെ ഗതാഗത പരിഷകാരത്തെ തുടര്‍ന്ന് ഇത് വഴിയാണ് കോഴിക്കോട്, കുറ്റിപ്പുറം, പാലക്കാട്‌,പട്ടാമ്പി, പഴഞ്ഞി തുടങ്ങിയ ഭാഗത്തെക്കുള്ള ബസ്സുകള്‍ കടന്നു പോകുന്നത്. നഗരസഭാ കാര്യാലയത്തിലെക്കും തൃശൂര്‍ റോഡില്‍ നിന്ന് ഗുരുവായൂര്‍ റോഡിലേക്കും ഉള്ള പാതയും ഇതുതന്നെയാണ്. സ്ലാബിട്ട്‌ മൂടിയിട്ടുള്ള കാനയില്‍ മണ്ണും മാലിന്യവും നിറഞ്ഞ് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുകയും വെള്ളം കെട്ടി നിന്ന റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാല്‍ കാന വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനോ അറ്റകുറ്റപണികള്‍ നടത്താനോ ഇരു വിഭാഗവും തയ്യാറായില്ല. പകരം പരസ്പരം പഴി ചാരി രക്ഷപെടാനാണ് ഇവര്‍ ശ്രമിക്കുന്നത്. റോഡ്‌ നന്നാക്കണമെന്ന് ആവശ്യപെട്ട് നഗരസഭാ കൌണ്‍സിലര്‍മാര്‍ അടക്കം സമരം ചെയ്തെങ്കിലും ഫലമുണ്ടായില്ല. അധികൃതരുടെ ഭാഗത്ത്‌ നിന്ന് അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ യാത്രക്കാര്‍ക്ക് വലിയ തോതിലുള്ള സമയ നഷ്ടവും യാത്ര ദുരിതവും ഇനിയും അനുഭവിക്കേണ്ടി വരും.

Post A Comment: