ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് ഉബൈദിന്‍റെ വിമര്‍ശനം. ഒരു സിംഗിള്‍ ബെഞ്ചിനെ വിമര്‍ശിക്കാന്‍ മറ്റൊരു സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് തുറന്ന കോടതിയില്‍ ജസ്റ്റിസ് ഉബൈദ്

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് ഉബൈദിന്‍റെ വിമര്‍ശനം. ഒരു സിംഗിള്‍ ബെഞ്ചിനെ വിമര്‍ശിക്കാന്‍ മറ്റൊരു സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് തുറന്ന കോടതിയില്‍ ജസ്റ്റിസ് ഉബൈദ് മാധ്യമങ്ങളോട് പറഞ്ഞു. സിംഗിള്‍ ബെഞ്ചിനെ വിമര്‍ശിക്കാനുള്ള അധികാരം ഡിവിഷന്‍ ബെഞ്ചിനോ സുപ്രീംകോടതിക്കോ മാത്രമാണ്. സിംഗിള്‍ ബെഞ്ചിന്റെ വിധി മാധ്യമങ്ങളാണ് തെറ്റായി വ്യാഖ്യാനിച്ചത്. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവിന്റെ മാതാവ് സുപ്രീംകോടതി ചീഫ് ജസറ്റിസിന് കത്തെഴുതിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. നിയമത്തിന്റെ ദുരുപയോഗമുണ്ടെന്ന് തോന്നിയാല്‍ കത്തെഴുതുകയല്ല മേല്‍കോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതികള്‍ അന്വേഷണത്തെയും പ്രതിയുടെ അറസ്റ്റിനെയും തടസപ്പെടുത്തുന്ന തരത്തില്‍ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി, സെഷന്‍സ് കോടതി എന്നിവ ഒന്നുകില്‍ ഹര്‍ജി തള്ളുകയോ അല്ലെങ്കില്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയോ ആണ് വേണ്ടതെന്ന് ഹരിപ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകന്‍ ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ആദ്യം പരിഗണിച്ച ജസ്റ്റിസ് ഉബൈദ്, ഒക്‌ടോബര്‍ 3ന് അന്വേഷണം തടസപ്പെടുത്തുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെന്ന് പ്രോസിക്യൂഷനും രാജീവിന്റെ മകന്‍ അഖിലിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ഹരിപ്രസാദിന്റെ നിരീക്ഷണം.


Post A Comment: