അല്‍വാറില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകനെ കൊന്ന് റെയില്‍ പാളത്തില്‍ തള്ളിയ സംഭവത്തിലാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഗട്ടാരിയയുടെ പ്രതികരണം.

അല്‍വാര്‍: ഗോസംരക്ഷണത്തിന്റെ പേരില്‍ കൊല, സംഭവത്തെ നിസ്സാരവത്കരിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തു നടക്കുന്ന എല്ലാ അതിക്രമങ്ങളും നിയന്ത്രിക്കാനാവില്ലെന്നും സര്‍ക്കാര്‍.
അല്‍വാറില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകനെ കൊന്ന് റെയില്‍ പാളത്തില്‍ തള്ളിയ സംഭവത്തിലാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഗട്ടാരിയയുടെ പ്രതികരണം.
എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മാത്രമല്ല എല്ലാ അതിക്രമങ്ങളും തടയാനാവശ്യമായ ആള്‍ബലം സംസ്ഥാനത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയിലെ മേവാത്തില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളെയുമായി പോകുകയായിരുന്ന ഉമര്‍ മുഹമ്മദ് (42) കഴിഞ്ഞ ദിവസം ആണ് കൊല്ലപ്പെട്ടത്. ഉമറിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു സഹായികള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ഉമറിനെ വെടിവച്ച് കൊന്ന ശേഷം സംഭവം അപകട മരണമാണെന്ന് വരുത്തി തീര്‍ക്കുന്നതിനായി അക്രമികള്‍ മൃതദേഹം ഓടുന്ന ട്രെയിനിനു മുന്നിലേക്കിടുകയായിരുന്നു.
ക്ഷീരകര്‍ഷകനായ ഉമര്‍ വളര്‍ത്തുന്നതിനു വേണ്ടിയാണ് കന്നുകാലികളെ കൊണ്ടുവന്നത്. 78 പേരടങ്ങുന്ന അക്രമി സംഘമാണ് തങ്ങളെ അക്രമിച്ചതെന്ന് ഉമറിന്റെ കൂടെയുണ്ടായിരുന്ന താഹിര്‍ മുഹമ്മദ് പറഞ്ഞു. വളഞ്ഞിട്ട് മര്‍ദിച്ച അക്രമികള്‍ വന്ന വാഹനത്തിന്‍ മേല്‍ രാകേഷ് എന്ന് എഴുതിയിരുന്നുവെന്നും തങ്ങള്‍ ഗോരക്ഷകരാണ് എന്നു പറഞ്ഞാണ് ആക്രമണം തുടങ്ങിയതെന്നും താഹിര്‍ പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് പൊലിസ് കണ്ടെടുത്തു.
കഴിഞ്ഞ ഏപ്രിലിലാണ് ക്ഷീര കര്‍ഷകനായ പെഹ്‌ലുഖാനെ അല്‍വാറില്‍ സംഘപരിവാര്‍ അടിച്ചുകൊന്നത്.


Post A Comment: