സ്വാതന്ത്ര്യം കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് ഹാദിയ
സേലം: സ്വാതന്ത്ര്യം കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് ഹാദിയ. താന്‍ ഇന്നലെ എത്തിയിട്ടേയുള്ളൂവെന്നും എന്തൊക്കെ നിബന്ധനകളാണുള്ളതെന്ന് ഇപ്പോള്‍ അറിയില്ലെന്നും ഹാദിയ വ്യക്തമാക്കി. പഠിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. തനിക്ക് പ്രിയപ്പെട്ടവരെ കാണുകയും സംസാരിക്കുകയും വേണമെന്നും ഹാദിയ പറഞ്ഞു. കോളജ് തടവറയാണോയെന്ന് രണ്ട് ദിവസത്തിന് ശേഷമെ പറയാനാകൂ. ശഫിന്‍ ജഹാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല എന്നും ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീട്ടില്‍ കഴിഞ്ഞ കാലത്ത് തന്നെ പഴയ വിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു. ഇതിനായി ശിവശക്തി യോഗ സെന്‍ററില്‍നിന്നു കൗണ്‍സിലിങ്ങിനായി ചിലര്‍ വന്നു. തിരിച്ചുവന്നുവെന്നു വ്യക്തമാക്കി വാര്‍ത്താസമ്മേളനം നടത്താന്‍ അവര്‍ ആവശ്യപ്പെട്ടു. കൗണ്‍സിലിങ്ങിന്‍റെ പേരില്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഹാദിയ അറിയിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഹാദിയ കോളജിലെത്തിയത്. ഹോസ്റ്റലിലില്‍ നിന്നും പൊലീസിന്‍റെ അകമ്പടിയോടെയാണ് സ്വകാര്യവാഹനത്തില്‍ ഹാദിയയെ കോളജിലെത്തിച്ചത്. പഠനം പാതിവഴിയില്‍ നിര്‍ത്തിവെച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമെ ഹാദിയക്ക് ഹൗസ് സര്‍ജന്‍സിയിലേക്ക് പ്രവേശിക്കാനാവൂ.

Post A Comment: