കുന്നംകുളത്തെ മാധ്യമരംഗത്തെ നിറസാന്നിധ്യമായിരുന്ന സുക്കാര്‍നോക്ക് നഗരം കണ്ണീരോടെ വിട നല്‍കി.

കുന്നംകുളം: ഇനിയില്ല സുക്കാര്‍നോ, മാധ്യമ പ്രവര്‍ത്തന രംഗത്തെ ഒറ്റയാന്‍ വിടവാങ്ങി. കുന്നംകുളത്തെ മാധ്യമരംഗത്തെ നിറസാന്നിധ്യമായിരുന്ന  സുക്കാര്‍നോക്ക് നഗരം കണ്ണീരോടെ വിട നല്‍കി.

ഇരുപതു വര്‍ഷക്കാലം ഓപ്പണ്‍ പേജ് എന്ന പത്രത്തിലൂടെ കുന്നംകുളത്തെ വേറിട്ട ശബ്ദമായിരുന്നു സുക്കൂര്‍ എന്ന സുക്കാര്‍നോ( 55 ). കാര്യങ്ങള്‍ ഓപ്പണായി പറയാനൊരിടം വേണമെന്ന  നിലപാടാണ് സുക്കാര്‍നോയെ  നഗരത്തിലെ പ്രിയപ്പെട്ടവരുടെ ഇടയിലേക്ക് എത്തിച്ചത്. ആ നിലപാട് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി    ടൈംസ്‌ ഓഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ചു സുക്കാര്‍നോ ബോംബെ നഗരത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് വണ്ടി കയറി. പിന്നീട് വടക്കേകാടും കുന്നംകുളത്തുമായി ഓപ്പണ്‍ പേജ് കെട്ടിപടുക്കാനുള്ള ശ്രമം. പലരും എഴുതാന്‍ മടിച്ച വാര്‍ത്തകള്‍  സുക്കാര്‍നോയിലൂടെ പുറം ലോകത്തെത്തിയതോടെ ഓപ്പണ്‍ പേജ് നഗരത്തിന്റെ നാവായി അറിയപ്പെട്ടു തുടങ്ങി. പിന്നീടങ്ങോട്ട്‌ ഓപ്പണ്‍ പേജിന്‍റെയും സുക്കര്നോയുടെയും വളര്‍ച്ചയുടെ നാളുകളായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അസുഖബാധിതനാണെന്ന് അറിയുന്നതുവരെ അത് തുടര്‍ന്നു. കുന്നംകുളം താലുക്ക് ആശുപത്രിയില്‍ ചികത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. അഞ്ഞൂര്‍ നമാസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം മൃതദേഹം  വടക്കേ പുന്നയൂര്‍ പിലാക്കാട്ടിയില്‍ ജുമാ മസ്ജിദില്‍ കബറടക്കി. വടക്കേ പുന്നയൂര്‍ തെക്കത്ത് വീട്ടില്‍ പരേതനായ ആലിയുടെ മകനാണ്. ഫാത്തിമയാണ് മാതാവ്. ഷെരീഫ്, ഫൌസിയ, ഫക്രുദ്ധീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. 

Post A Comment: