കടവല്ലൂര്‍ നിന്നുള്ള പി ഐ രാജേന്ദ്രനും, ചൊവ്വന്നൂര്‍ നിന്നുള്ള എം വി പ്രശന്തനുമാണ് മത്സരത്തിനിറങ്ങിയത്.

കുന്നംകുളം: സമവായ ശ്രമം പാളി, സിപിഎം ഏരിയ സമ്മേളനത്തില്‍ മത്സരം. സംസ്ഥാന ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടല്‍ മൂലം ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തിയ പി ജി ജയപ്രകാശിനു തോല്‍വി. നിലവിലുള്ള 20 അംഗ ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള കെ പി രമേഷ് (ചൂണ്ടല്‍), പി എ മുസ്തഫ (കണ്ടാണശ്ശേരി), എം ജെ സ്റ്റാന്‍ലി (പഴഞ്ഞി) എന്നിവരെ ഒഴിവാക്കിയും പുതിയതായി നാലംഗങ്ങളെ ഉള്‍പ്പെടുത്തിയും 21 അംഗ പാനല്‍ ആണ് മന്ത്രി എ സി മൊയ്തീന്‍റെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചകള്‍ക്ക് ശേഷം സമ്മേളനത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബാലാജി പക്ഷത്തെ രണ്ടു പേര്‍ സമവായ ശ്രമങ്ങളെ അപ്രസക്തമാക്കി മത്സര രംഗത്തിറങ്ങുകയായിരുന്നു. കടവല്ലൂര്‍ നിന്നുള്ള പി ഐ രാജേന്ദ്രനും, ചൊവ്വന്നൂര്‍  നിന്നുള്ള എം വി പ്രശന്തനുമാണ് മത്സരത്തിനിറങ്ങിയത്. മുന്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയായ പി ജി ജയപ്രകാശിനെ ലക്‌ഷ്യം വെച്ച് മത്സരമുണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചകളെ സാധുകരിച്ചു നടന്ന തിരഞ്ഞെടുപ്പില്‍ എം വി പ്രശാന്തന്‍ വിജയിക്കുകയായിരുന്നു. 148 പ്രതിനിധികളില്‍ 97 വോട്ടുകള്‍ മാത്രം ലഭിച്ച് പി ജി ജയപ്രകാശ് രണ്ടാം തവണയും ഏരിയ കമ്മിറ്റിയില്‍ നിന്ന് പുറത്തായപ്പോള്‍ ബാലാജി  പക്ഷത്തിന്റെ ആശിര്‍വാദത്തോടെ മത്സരിച്ച പി ഐ രാജേന്ദ്രനും പരാജയപെട്ടു, 100 വോട്ടുകള്‍ നേടി പാനലിലെ കെ കെ ജയന്‍ തിരഞ്ഞെടുക്കപെട്ടതാണ് പ്രമുഖ പക്ഷത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്. ജയപ്രകാശിനെ ഉള്‍പെടുത്താതിരിക്കാന്‍ ഔദ്യോഗിക പക്ഷം കടുത്ത ശ്രമം നടത്തിയെങ്കിലും എ സി മൊയ്തീന്‍, പി കെ ബിജു, ബാബു എം പാലിശ്ശേരി  എന്നിവര്‍ ദിവസങ്ങളായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് പാനലില്‍ ഉള്‍പെടുത്തിയത്‌. പ്രമുഖ നേതാക്കളുടെ സമവായ ശ്രമങ്ങളെ അവഗണിച്ച ഔദ്യോഗിക പക്ഷത്തിന്റെ നീക്കം കുന്നംകുളത്തെ പാര്‍ട്ടിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കും എന്നാണ് സൂചന.

Post A Comment: