കേസില്‍ മൊത്തത്തില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അക്ഷരാര്‍ത്ഥത്തില്‍ കുരുക്കിലാക്കി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. സൊഹ്റാബുദ്ദീന്‍ ഷെയ്ഖിന്റെയും ഭാര്യയുടേയും ഉള്‍പ്പെടെയുളള വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. കേസില്‍ മൊത്തത്തില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല, കേസ് കൈകാര്യം ചെയ്ത ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്നും സിന്‍ഹ ആവശ്യപ്പെട്ടു.
നേരത്തെ സിബിഐ കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍ക്കിഷന്‍ ലോയയുടെ മരണത്തില്‍ കുടുംബത്തിന് സംശയമുണ്ടെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് എപി ഷാ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം വീണ്ടും അന്വേഷിക്കണമെന്നും എപി ഷാ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും ബഹുമാനിതനും ശ്രദ്ധേയനുമായ ജഡ്ജിമാരില്‍ ഒരാളാണ് ദില്ലി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് എപി ഷാ. ഇപ്പോള്‍ യശ്വന്ത് സിന്‍ഹയും ഇതേ ആവശ്യം മുന്നോട്ടുവച്ചത് വരും നാളുകളില്‍ ബിജെപിക്കുള്ളില്‍ കോളിളക്കം സൃഷ്ടിക്കും.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി ദിവംഗതനായ ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍ക്കിഷന്‍ ലോയയുടെ സഹോദരി രംഗത്തുവന്നതാണ് ഈ കേസ് ഇപ്പോള്‍ ഉയര്‍ന്നുവരാന്‍ കാരണം. സൊഹ്റാബുദ്ദീന്‍ കേസ് പരിഗണിക്കവെ പ്രതിയായ അമിത് ഷായ്ക്ക് അനുകൂലമായി വിധിച്ചാല്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ലോയ അത് നിരസിച്ചു. ഒരുമാസത്തിനകം അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയാണുണ്ടായതെന്നും സഹോദരി അനുരാധ ബിയാനി പറഞ്ഞിരുന്നു.
മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷായാണ് 100 കോടിരൂപ ലോയയ്ക്ക് വാഗ്ദാനം ചെയ്തത്. കാരവന്‍ മാസികയിലെ ഒരു അഭിമുഖത്തിലാണ് ഇവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മരിക്കുന്നതിന് മുമ്ബേ ഇക്കാര്യം ലോയ പങ്കുവച്ചിരുന്നതായി അദ്ദേഹത്തിന്റെ സഹോദരിയും പിതാവും പറയുന്നതായും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, അമിത് ഷാ കോടതിയില്‍ ഹാജരാകാതിരുന്നതിനെ സംബന്ധിച്ച്‌ ലോയ ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. 2014 ഒക്ടോബര്‍ 31ന് അമിത് ഷാ ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഷാ കുറച്ചകലെ ബിജെപി ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇക്കാര്യം ഗൗരവപൂര്‍ണം കണ്ട ലോയ സംസ്ഥാനത്തിനകത്ത് അമിത് ഷാ ഉണ്ടെങ്കില്‍ ഹാജരായേ മതിയാകൂ എന്ന് പറയുകയുണ്ടായി.
വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ സൊഹ്റാബുദ്ധീന്‍ കേസ് കൈകാര്യം ചെയ്തിരുന്നത് ലോയയായിരുന്നു. കേസിന്റെ വിചാരണ ഒറ്റ ജഡ്ജി തന്നെ കേള്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശവുമുണ്ടായിരുന്നു. നാല് ജഡ്ജിമാര്‍ മാറിമാറി വന്നതിന് ശേഷമാണ് ലോയ കസേരയിലേക്ക് എത്തിയത്. പതിനായിരം പേജോളം വരുന്ന ചാര്‍ജ്ജ് ഷീറ്റ് അദ്ദേഹം വിശദമായി പഠിച്ചിരുന്നുവെന്നും വാദിഭാഗം വക്കീല്‍ പറയുന്നു.
ആര്‍എസ്‌എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂരില്‍ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തിന് പോയ ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. തലേന്ന് രാത്രി 11 മണിക്ക് അദ്ദേഹം പത്നി ശാര്‍മിളയെ വിളിച്ച്‌ 40 മിനുട്ടോളം സംസാരിച്ചു. അന്നത്തെ ദിവസത്തെ തിരക്കുകളാണ് അദ്ദേഹം ഭാര്യയോട് വിശദമാക്കിയത്. നാഗ്പൂരിലെ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിറ്റേന്ന് രാവിലെ ശാര്‍മിള കേള്‍ക്കുന്നത് ലോയ മരിച്ചു, ഹൃദയാഘാതമാണ് കാരണമെന്നാണ്.
ലോയ മരിച്ചദിവസം രാവിലെ അദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞുവെന്നും ജന്മനാടായ ഗതെഗാവിലേക്ക് ആംബുലന്‍സില്‍ അയച്ചെന്ന് കുടുംബത്തിന് വിവരം ലഭിച്ചു. നാഗ്പൂരിലേക്ക് പുറപ്പെട്ട ലോയയുടെ സഹോദരിക്ക് ലോയയുടെ മൃതദേഹം ഗതെഗാവിലേക്ക് പോയാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കി. പുലര്‍ച്ചെത്തന്നെ ആര്‍എസ്‌എസുകാര്‍ വിവരമറിഞ്ഞിരുന്നു. ലോയയുടെ ഷര്‍ട്ടിന്റെ കോളറില്‍ രക്തപ്പാടുകളുണ്ടായിരുന്നു. തലയ്ക്ക് പിന്നില്‍ മുറിവുണ്ടായരുന്നു. എന്നാല്‍ അതിനേക്കുറിട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. വീണ്ടും പോസ്റ്റ്മോര്‍ട്ടം വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു.
ദുരൂഹത തീരുന്നില്ല, ഹൃദയാഘാതം മൂലം മരിച്ചെന്ന് പറയുമ്ബോഴും പോസ്റ്റ്മോര്‍ട്ടം ചെയ്തത് മുതല്‍ ആരംഭിക്കുന്നു സംശയങ്ങള്‍. പോസ്റ്റ്മോര്‍ട്ടം ബന്ധുക്കളെ അറിയിച്ചുമില്ല സമ്മതവും വാങ്ങിയിട്ടില്ല. പൊലീസ് പഞ്ചനാമ തയാറാക്കി മരിച്ചയാളുടെ വസ്തുക്കള്‍ സീല്‍ ചെയ്ത് സൂക്ഷിച്ച്‌ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടില്ല. ലോയുടെ ഫോണ്‍ മറ്റൊരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വഴിയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. അതും നാല് ദിവസങ്ങള്‍ക്ക് ശേഷം. ഫോണില്‍ പരിശോധിച്ച്‌ വിലയിരുത്തേണ്ടതായ വിവരങ്ങള്‍ എല്ലാംതന്നെ മായ്ക്കപ്പെട്ടിരുന്നു. മരണത്തിന്റെ തലേന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ ഒന്നരമാസത്തിന് ശേഷം മാത്രമാണ് കുടുംബത്തെ കാണാന്‍ തയാറായതുതന്നെ.
ഇക്കാര്യങ്ങള്‍ വിശദമായി കാരവന്‍ മാസികയിലെ നിരഞ്ജന്‍ ടാക്ലേയോടാണ് ലോയയുടെ സഹോദരിയും പിതാവും വിവരിച്ചത്. ലോയയുടെ ഭാര്യയും മക്കളും ഭീതികാരണം പ്രതികരിച്ചില്ല എന്നും കാരവന്‍ പറയുന്നു. ലേയുടെ മരണശേഷം കേസ് കേട്ട ജഡ്ജി എംബി ഗോസവി അമിത് ഷായുടെ ഭാഗം മൂന്നുദിവസം കേട്ടശേഷം 75 പേജ് വരുന്ന വിധി പ്രഖ്യാപിച്ചു. വിധിയില്‍ അമിത് ഷായെ എല്ലാ കുറ്റാരോപണങ്ങളില്‍നിന്നും മുക്തനാക്കിയിരുന്നു!
സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിനേയും ഗുജറാത്ത് പൊലീസ് തീവ്രവാദ ബന്ധമാരോപിച്ച്‌ വെടിവച്ച്‌ കൊന്നതാണ് വിവാദമായ കേസ്. ഈ സംഭവത്തിന് ദൃക്സാക്ഷിയായ തുളസിറാം പ്രജാപതിയെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയെന്ന് മറ്റൊരു കേസ്. രണ്ട് കേസിലും അമിത് ഷായെ സിബിഐ പ്രതിചേര്‍ത്തിരുന്നു. കാരവന്‍ മാസികയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് എല്ലാ മാധ്യങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോയയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.


Post A Comment: