ബി.ജെ.പി റാലിയില്‍ ദേശിയ പതാകക്ക് മുകളില്‍ പാര്‍ട്ടി കൊടി ഉയര്‍ത്തിയത് വിവാദമായി.





ഗാസിയാബാദ്: ബി.ജെ.പി റാലിയില്‍ ദേശിയ പതാകക്ക് മുകളില്‍ പാര്‍ട്ടി കൊടി ഉയര്‍ത്തിയത് വിവാദമായി. ഗാസിയാബാദിലെ റാംലീല മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച റാലിക്കിടെയാണ് സംഭവം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്‍പാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മൈതാനത്തിന് മുമ്പിലെ ജവഹര്‍ ഗേറ്റില്‍ ഉയര്‍ത്തിയിരുന്ന ദേശീയ പതാകക്ക് മുകളില്‍ പാര്‍ട്ടി പതാക കെട്ടിയത്. കവാടത്തിന് മുകളില്‍ ക‍യറി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടി കെട്ടിയതിന് പത്രപ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരും സാക്ഷികളായിരുന്നു. രണ്ടു പതാകകളുടെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വാര്‍ത്തയായി. ഇതോടെ ജില്ലാ അധികൃതര്‍ സ്ഥലത്തെത്തി പാര്‍ട്ടി പതാക കവാടത്തില്‍ നിന്ന് നീക്കം ചെയ്തു. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ദേശിയ പതാകക്ക് മുകളിലോ സമാന്തരമോ ഒപ്പമോ മറ്റ് കൊടികളോ വസ്തുക്കളോ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് പതാക നിയമ (ഫ്ലാഗ് കോഡ്) പ്രകാരം വ്യക്തമാക്കുന്നത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെ അധികൃതര്‍ക്ക് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാവുന്നതാണ്.

Post A Comment: