ന്യൂയോര്‍ക്കിലെ കോര്‍ണല്‍ വേസ്റ്റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജീന്‍ ബെന്‍ഹോട്ടെല്‍, എക്സ്റ്റെന്‍ഷന്‍ സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റ് മേരി ഷിയാസ് എന്നിവരാണ് നഗരസഭയുടെ കുറുക്കന്‍പാറയിലെ മാലിന്യസംസ്കരണ പ്ലാന്‍റില്‍ എത്തിയത്

കുന്നംകുളം: മാലിന്യ സംസ്കരണത്തിന്‍റെ കുന്നംകുളം മോഡല്‍ പഠിക്കാന്‍ വിദേശികളുമെത്തി. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ വേസ്റ്റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജീന്‍ ബെന്‍ഹോട്ടെല്‍, എക്സ്റ്റെന്‍ഷന്‍ സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റ് മേരി ഷിയാസ് എന്നിവരാണ് നഗരസഭയുടെ കുറുക്കന്‍പാറയിലെ മാലിന്യസംസ്കരണ പ്ലാന്‍റില്‍ എത്തിയത്. രാസ വസ്തുക്കള്‍ ചേര്‍ക്കാതെയുള്ള മാലിന്യ സംസ്കരണത്തിലെ മാതൃകാ പരമായ നേട്ടം കൈവരിച്ചാണ് കുറുക്കന്‍പാറയിലെ നഗരസഭ ജൈവവള സംസ്കരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നഗര മാലിന്യ സംസ്കാരണം ഏറെ ചര്‍ച്ച ചെയ്യുന്ന കാലത്ത് പദ്ധതി ലാഭകരമായി നടപ്പിലാക്കിയ നഗരസഭയെയും കുടംബശ്രീ പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും, പദ്ധതി അമേരിക്കയിലെ തിരക്കേറിയ നഗരങ്ങളില്‍ മാതൃകയാക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു. നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് കുറുക്കന്‍ പാറ ട്രെഞ്ചിംഗ് ഗ്രൗണ്ടിലെത്തിച്ച് ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ചാണ് കുടുംബശ്രീയുടെ സഹായത്തോടെ ജൈവ വളം നിര്‍മ്മിക്കുന്നത്. ചകിരിച്ചോറ് ചേര്‍ത്ത് ജൈവ മാലിന്യമിശ്രിതം തയ്യാറാക്കുന്നത് ഏറെ കൗതുകത്തോടെ വന്നവര്‍ നോക്കിക്കണ്ടു.  ചകിരിച്ചോറിന് പകരം  ചെത്തിയുണ്ടാക്കിയ മരത്തടി ചേര്‍ത്താണ് അമേരിക്കയില്‍ കമ്പോസ്റ്റ് തയ്യാറാക്കുന്നത്. കൂട്ടിവെച്ച മിശ്രിതം നിശ്ചിത ഊഷ്മാവിലെത്തുമ്പോഴാണ് വളമായി മാറുന്നത്. കുടുംബശ്രീ കൂട്ടായ്മയിലൂടെ കിലോക്ക് 15 രൂപ നിരക്കില്‍  വളം വിപണനം ചെയ്യുന്നുണ്ട്. മാലിന്യകൂമ്പാരങ്ങള്‍ മൂലം ജനജീവിതം ദുസ്സഹമായതോടെയാണ് പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ നഗരസഭ നിര്‍ബന്ധിതമായത്.   നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ് എന്നിവരും ഇവരോടൊപ്പം സ്ഥലത്തെത്തിയിരുന്നു.

Post A Comment: