ആധാര്‍ ഇല്ലെങ്കില്‍ ഇനി കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കില്ല.തൃശൂര്‍: ആധാര്‍ ഇല്ലെങ്കില്‍ ഇനി കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കില്ല. അംഗന്‍വാടിയിലെ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവായി. കുഞ്ഞുങ്ങളടക്കം എല്ലാ അംഗന്‍വാടി ഗുണഭോക്താക്കളുടെയും ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫണ്ട് കുറയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ റാപ്പിഡ് റിപ്പോര്‍ട്ടിങ് സിസ്റ്റത്തില്‍ (ആര്‍ആര്‍എസ്) ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശം. ഐസിഡിഎസ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളിലേക്കുള്ള കേന്ദ്ര ഫണ്ടില്‍ കുറവുവരാതിരിക്കാന്‍ ആധാര്‍ ചേര്‍ക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥര്‍. അംഗന്‍വാടി ഗുണഭോക്താക്കളായ ആറു വയസ്സുവരെയുള്ള കുട്ടികള്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ ആധാറാണ് ആര്‍ആര്‍എസില്‍ അപ്ലോഡ് ചെയ്യേണ്ടത്. വിവര ശേഖരണത്തിനായി സമൂഹിക നീതി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അംഗന്‍വാടിയിലെത്തുന്ന ഗുണഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ഈ മാസം 10നകം ശേഖരിച്ച്‌ 25നകം അപ്ലോഡ് ചെയ്യാനാണ് നിര്‍ദേശം. ആധാര്‍ ഇല്ലാത്തവരെ പുതുതായി അത് എടുപ്പിച്ച്‌ 25നകം അപ്ലോഡ് ചെയ്യണം.

Post A Comment: