ഹാദിയ കേസില്‍ നിര്‍ണായക നീക്കങ്ങളുമായി കുടുംബം.

തിരുവനന്തപുരം: ഹാദിയ കേസില്‍ നിര്‍ണായക നീക്കങ്ങളുമായി കുടുംബം. ഹാദിയയുടെ മാനസീക നില ശരിയല്ലെന്നും ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ അഭിഭാഷകന്‍ പറഞ്ഞു. മാനസീക നില തെറ്റായിരിക്കുകയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയതെന്നും കുടുംബം വാദിക്കുന്നു. ഇക്കാര്യം സംബന്ധിച്ച മെഡിക്കല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. കുടുംബാംഗങ്ങളെ ഹാദിയ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം താന്‍ മുസ്ലീം മതവിശ്വാസിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഇന്നലെ ഹാദിയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തനിക്ക് ഭര്‍ത്താവിനൊപ്പം പോകാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞിരുന്നു. നേരിട്ട് ഹാജരാകാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിക്കു പോകാനായി പുറപ്പെടുമ്ബോഴാണ് ഹാദിയ നിലപാട് വ്യക്തമാക്കിയത്. 


ഹാദിയ ഷെഫിന്‍ വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്. ഹാദിയയെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിനാണ് സുപ്രീം കോടതിയെ സമീപിച്ചത്.നാളെ മൂന്നുമണിക്കാണ് ഹാദിയയുടെ വാദം സുപ്രീം കോടതി കേള്‍ക്കുക.

Post A Comment: