തോമസ് ചാണ്ടിയുടെ രാജിയാവശ്യം ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ണായ ഇടതുമുന്നണി യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് ചേരും.

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയാവശ്യം ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ണായ ഇടതുമുന്നണി യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് ചേരും. തോമസ് ചാണ്ടിക്കെതിരേ കരുക്ക് മുറുകുകയും മന്ത്രിയുടെ രാജിയ്ക്കായി മുന്നണിയില്‍ തന്നെ സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തില്‍ പക്ഷെ, മന്ത്രി ഉടന്‍ രാജി വയ്ക്കില്ലെന്ന നിലപാടിലുറച്ചാണ് എന്‍സിപിയെത്തുന്നത്. എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് മുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഐഎമ്മും സിപിഐയും വിഷത്തില്‍ പ്രത്യേകം ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. കേസില്‍ കുരുക്ക് മുറുകുകയും സിപിഐഎമ്മില്‍ നിന്നടക്കം രാജിയ്ക്കായി സമ്മര്‍ദ്ദം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചുകഴിഞ്ഞു. എന്നാല്‍ മന്ത്രി സ്ഥാനം ഇപ്പോള്‍ രാജിവച്ചാല്‍ പാര്‍ട്ടിക്ക് മന്ത്രിസഭയിലുള്ള പ്രാതിനിധ്യം നഷ്ടമാകുമെന്നും മുന്‍മന്ത്രി എകെ ശശീന്ദ്രന്‍റെ പേരിലുള്ള ഫോണ്‍വിളി വിവാദക്കേസില്‍ അദ്ദേഹം കോടതിയില്‍ നിന്ന് കുറ്റവിമുക്തനാകുന്നതുവരെ തോമസ് ചാണ്ടി മന്ത്രിയായി തുടരണമെന്ന നിലപാടിലാണ് പാര്‍ട്ടി. ശശീന്ദ്രനെതിരായ ആരോപണങ്ങളില്‍ അന്തിമതീരുമാനം വന്നശേഷം തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന സന്ദേശം എന്‍സിപി നേതൃത്വം സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

Post A Comment: