സ്ഥലം നഷ്ടപെടുമെന്നു വന്ന വ്യാപരികളുടെ ഇടപെടലിനെ തുടര്‍ന്ന് കേച്ചേരി സെന്ററിന്‍റെ വികസനം മാറിമാറി വന്ന ഭരണാധികാരികള്‍ കടലാസില്‍ ഒതുക്കുകയായിരുന്നു

കുന്നംകുളം: വ്യാപാരികളുടെ സമ്മര്‍ദം ഫലം കണ്ടു. കേച്ചേരി  സെന്റര്‍ വികസനം കടലാസിലൊതുങ്ങി, നവീകരണ പ്രവര്‍ത്തനങ്ങളും അനുബന്ധ റോഡുകളുടെ അറ്റകുറ്റ പണികളും നിലച്ച കേച്ചേരിയില്‍  അപകടങ്ങളൊഴിയുന്നില്ല.

സെന്ററിന്‍റെയും റോഡിന്‍റെയും വികസനത്തിന്‍റെ ഭാഗമായി സ്ഥലം നഷ്ടപെടുമെന്നു വന്ന വ്യാപരികളുടെ ഇടപെടലിനെ തുടര്‍ന്ന് കേച്ചേരി സെന്ററിന്‍റെ വികസനം മാറിമാറി വന്ന ഭരണാധികാരികള്‍ കടലാസില്‍ ഒതുക്കുകയായിരുന്നു. കുന്നംകുളം തൃശൂര്‍ പാതയിലെ ഏറ്റവും അപകടം നിറഞ്ഞ മേഖലയായി മാറിയ ചൂണ്ടല്‍ പാടം  മുതല്‍ കൈപറമ്പ്  വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്കായി നിരവധി തവണ എംഎല്‍എ ഫണ്ടില്‍ നിന്നും മറ്റും തുക വകയിരുത്തിയിരുന്നു. മുന്‍ എംഎല്‍എമാരുടെ കാലത്ത് രണ്ടു തവണ ഇവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടിയില്‍പരം  രൂപ ഇത്തരത്തില്‍ അനുവധിച്ചിരുന്നു. പണ ലഭ്യത പ്രശ്നമല്ലെന്ന് വന്നതോടെ റോഡു വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും ഇതേതുടര്‍ന്ന് റോഡ്‌ വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം അളന്നു തിട്ടപെടുത്തുകയും വശങ്ങളിലുള്ള കെട്ടിടങ്ങളില്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്ഥലവും കെട്ടിടങ്ങളും നഷ്ടപെടുമെന്നു വന്ന ഒരു വിഭാഗം കച്ചവടക്കാര്‍ പദ്ധതിക്കെതിരെ രഹസ്യമായി ചരടുവലികള്‍ നടത്തിയത്. ഇതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിലച്ചു. റോഡിന്‍റെ നില അനുദിനം ശോചനീയമായതോടെ ഇവിടെ അപകടങ്ങളും തുടര്‍ക്കഥയായി. കഴിഞ്ഞ ദിവസമടക്കം ഇത്തരമൊരു അപകടത്തില്‍ യുവാവിനു ജീവന്‍ നഷ്ടപ്പെട്ടിരുന്നു.  റോഡിലെ കുഴിയില്‍ വീണ ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവിനു മുകളിലൂടെ ബസ്‌ കയറിയാണ് അന്ന് അപകടമുണ്ടായത്. റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കനമെന്നാവശ്യപെട്ട് കേച്ചേരിയിലെ സാമൂഹിക പ്രവര്‍ത്തകനായ ജനസേവന മുന്നണി പ്രസിഡന്റ്‌ സോമന്‍പിള്ളയുടെ നേതൃത്വത്തില്‍ നിരവധി തവണ സമരം നടത്തുകയും നടപടിയെടുക്കാമെന്നു   മന്ത്രി അടക്കമുള്ളവര്‍ ഇദ്ദേഹത്തിനു ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇവയെല്ലാം പാഴായതോടെ വീണ്ടും സമരങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സോമന്‍പിള്ള. വ്യാപാരികളുടെ സമ്മര്‍ദത്തെ മറികടന്നു പൊതു താല്പര്യമനുസരിച്ചുള്ള നടപടികളെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ റോഡില്‍ പിടയുന്ന ജീവനുകളെ ഇനിയും കേച്ചേരിയില്‍ കാണേണ്ടിവരും.  

Post A Comment: