ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ മൗണ്ട്​ അഗൗങ്​ അഗ്​നിപര്‍വതം സ്​ഫോടനത്തി​ന്‍റെ വക്കില്‍




ഡെംപസര്‍: ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ മൗണ്ട്​ അഗൗങ്​ അഗ്​നിപര്‍വതം സ്​ഫോടനത്തി​ന്‍റെ വക്കില്‍. അഗ്​നി പര്‍വതം സജീവമായി പുകയുന്നതിനാല്‍ ഏതുസമയവും സ്​ഫോടനം പ്രതീക്ഷിക്കുകയാണ്​ അധികൃതര്‍. രാജ്യത്താകെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. സുരക്ഷാഭീഷണി മൂലം ബാലി വിമാനത്താവളം അടച്ചു. ഇതോടെ ആയിരക്കണക്കിന്​ വിനോദസഞ്ചാരികള്‍ ഇന്തോനേഷ്യയില്‍ കുടുങ്ങിയിരിക്കുകയാണ്​. അഗ്​നി പര്‍വതത്തില്‍ നിന്ന്​ 3400 മീറ്റര്‍ ഉയരത്തില്‍ കറുത്ത പുക വരുന്നുണ്ട്​. പര്‍വതത്തില്‍ നിന്നുയരുന്ന പുകയും ചാരവും വിമാനത്താവളം വരെ എത്തിയതോടെയാണ്​ സര്‍വീസുകള്‍ റദ്ദാക്കി വിമാനത്താവളം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്​. നൂറോളം വിമാനങ്ങള്‍ റദ്ദാക്കുകയും ഏഴു വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്​തു. അഗ്​നിപര്‍വതത്തി​ന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരോട്​ ഉടനടി മാറിത്താമസിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. വിനോദ സഞ്ചാര മേഖലകള്‍ അഗ്​നിപര്‍വതത്തില്‍ നിന്ന്​ വളരെ ദൂരെയാണെങ്കിലും പുകയും ചാരവും മൂലം വിമാനത്താവളം അടച്ചതാണ്​ സഞ്ചാരികളെ വലച്ചത്​. ചൊവ്വാഴ്​ച രാവിലെ വരെ വിമാനത്താവളം തുറക്കില്ല. സ്​ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ചൊവ്വാഴ്​ച സര്‍വ്വീസ്​ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Post A Comment: