മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ വീട്ടില്‍ ജാബിര്‍, പുളിക്കല്‍ വീട്ടില്‍ നൗഷാദ് എന്നിവരാണ് പിടിയിലായത്

തൃശൂര്‍: 11 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ തൃശൂര്‍ എക്‌സൈസ് റേഞ്ച് പിടികൂടി. മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ വീട്ടില്‍ ജാബിര്‍, പുളിക്കല്‍ വീട്ടില്‍ നൗഷാദ് എന്നിവരാണ് പുഴയ്ക്കല്‍ ലുലു മാളിനു സമീപം വെച്ച് എക്‌സൈസിന്റെ പിടിയിലായത്. വില്‍പ്പനയ്ക്കായി മലപ്പുറത്തു നിന്നു ബുള്ളറ്റ് ബൈക്കില്‍ ഹാഷിഷ് ഓയില്‍ കൊണ്ടുവരുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്. 2 ലക്ഷം രൂപയ്ക്കു വിശാഖ പട്ടണത്തു നിന്നു വാങ്ങിയ ഓയില്‍ 10ഗ്രാം വീതമുള്ള ചെറിയ ഡപ്പികളിലാക്കി 2,000 രൂപയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. കഞ്ചാവും ഹാഷിഷും ഉപയോഗിച്ച് ഇവര്‍ തന്നെ പ്രത്യേകം തയ്യാറാക്കിയ 5 ബണ്ടില്‍ സിഗരറ്റും ഇവ നിര്‍മ്മിക്കാനുപയോഗിക്കുന്ന 10 ബണ്ടില്‍ പ്രത്യേക പേപ്പറും ഇവരില്‍ നിന്നു പിടിച്ചെടുത്തു. നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന ഇവര്‍ ആദ്യം ലഹരി മരുന്നടങ്ങിയ സിഗരറ്റ് വലിക്കാന്‍ നല്‍കി ഇതിലേക്ക് ആകര്‍ഷിക്കും. ഇങ്ങനെ ലഹരിക്ക് അടിമകളാകുന്ന യുവാക്കള്‍ക്ക് പിന്നീട് ആവശ്യാനുസരണം വന്‍ തുകയ്ക്ക് ഉല്‍പ്പന്നം എത്തിച്ചു നല്‍കുന്നതാണ് ഇവരുടെ രീതി. യുവാക്കളെ ആകര്‍ഷിക്കാനായി സംഘം പ്രത്യേകം വാട്‌സ്ആപ് ഗ്രൂപ്പും തയ്യാറാക്കിയിട്ടുണ്ട്. കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Post A Comment: