അഞ്ച് നടകളില്‍ കൂട്ടികൊട്ടല്‍ തീര്‍ത്ത് പഞ്ചവാദ്യത്തിന് പുതിയ താളവുമായി കരിയന്നൂരും സംഘവും, ആസ്വാദകരായി പ്രമുഖരുടെ നിര

കുന്നംകുളം: അഞ്ച് നടകളില്‍ കൂട്ടികൊട്ടല്‍ തീര്‍ത്ത് പഞ്ചവാദ്യത്തിന് പുതിയ താളവുമായി കരിയന്നൂരും സംഘവും, ആസ്വാദകരായി പ്രമുഖരുടെ നിര.  കരിക്കാട് ഭട്ടിമുറി ബാലനരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി വിളക്കെഴുന്നള്ളത്തിന്റെ ഭാഗമായാണ് പഞ്ചവാദ്യത്തിലെ പുതു ശൈലി അരങ്ങേറിയത്. ഏകാദശിയുടെ ഭാഗമായുള്ള പ്രാദേശിക ആഘോഷങ്ങള്‍ ക്ഷേത്രത്തിലെത്തി സമാപിച്ചതിന് ശേഷമാണ് കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രമാണത്തില്‍ പഞ്ചവാദ്യം അരങ്ങേറിയത്. സ്ഥിരം ശൈലിയില്‍ നിന്ന് മാറി ചെറിയ ഇടകാലങ്ങളില്‍ അഞ്ചു നടകളിലുള്ള കൂട്ടികൊട്ടലായാണ് പഞ്ചവാദ്യം ഒരുക്കിയത്. ഒമ്പത് അക്ഷരകാലത്തിലുള്ള സങ്കീര്‍ണ്ണം, ഏഴ് അക്ഷരകാലത്തിലുള്ള മിശ്രം, അഞ്ച് അക്ഷരകാലത്തിലുള്ള ഖണ്ഡം, നാല് അക്ഷരകാലത്തിലുള്ള ചതുരശ്രം, മൂന്ന് അക്ഷരകാലത്തിലുള്ള തിശ്രം എന്നിങ്ങനെയുള്ള താളക്രമം ആസ്വാദകരെ ആവേശത്തിലാഴ്ത്തി. ഏറെ വ്യത്യസ്തതയാര്‍ന്ന പഞ്ചവാദ്യത്തിന് തിമിലയില്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിക്ക് കൂട്ടായി കോങ്ങോട് രാധാകൃഷ്ണന്‍, കോങ്ങോട് മോഹനന്‍ എന്നിവരും മദ്ധളത്തില്‍ വടക്കുംപാട്ട് രാമന്‍കുട്ടി, സദനം ഭരതരാജന്‍, ചെര്‍പ്പുളശ്ശേരി ഹരിഹരന്‍ എന്നിവരും, ഇടയ്ക്കയില്‍ തിച്ചൂര്‍ മോഹനനും തിരുവാലതിയൂര്‍ ശിവനും, ഇലതാളത്തില്‍ കാട്ടുകുളം ജയനും, കൊമ്പില്‍ വരവൂര്‍ മണികണ്ഠനും കൂട്ടാളികളായി. മേളം ആസ്വദിക്കാന്‍ പ്രശസ്ത ഗായകന്‍ പി ജയചന്ദ്രന്‍, ഗാനരചയിതാവ് ഹരിനാരായണന്‍, സിനിമാതാരം വി കെ ശ്രീരാമന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

Post A Comment: