തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് എംഎം മണി വിമര്‍ശിച്ചു.


മലപ്പുറം: ഇടതുമുന്നണിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ പരസ്യമായി പരസ്പരം കൊമ്പ് കോര്‍ത്ത് തുടങ്ങിയ സിപിഎമ്മും സിപിഐയും പോര് നിര്‍ത്താനുള്ള മട്ടില്ല. പരസ്പര ധാരണയിലെത്താന്‍ നേതൃത്വം ശ്രമങ്ങള്‍ നടത്തുന്നതിനിടെ സിപിഐക്കെതിരെ ആഞ്ഞടിച്ച്‌ വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത് എത്തിയിരിക്കുകയാണ്. തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് എംഎം മണി വിമര്‍ശിച്ചു. അത് ശുദ്ധ മര്യാദകേടാണ്. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്നും മണി തുറന്നടിച്ചു. മലപ്പുറം വണ്ടൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന്‍റെ സമാപനച്ചടങ്ങില്‍ സംസാരിക്കവേ ആണ് സിപിഐക്കെതിരെ എംഎം മണി ആഞ്ഞടിച്ചത്. ഭരണകക്ഷിയായ സിപിഐ മുന്നണി മര്യാദ കാട്ടാന്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിലും മണി സിപിഐയെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ അറിയിക്കാതെ ആയിരുന്നു മൂന്നാറിലേത് ഉള്‍പ്പെടെ സിപിഐ നടപടിയെടുത്തതെന്ന് മന്ത്രി ആരോപിച്ചു. തോമസ് ചാണ്ടി വിഷയത്തില്‍ ഭരണകക്ഷികള്‍ തമ്മില്‍ വിഴുപ്പലക്കല്‍ തുടങ്ങിയതോടെ പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ഇരുപക്ഷത്തേയും നേതൃത്വം നിര്‍ദേശിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് നേതൃതല ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ഇരുപാര്‍ട്ടികളും.

Post A Comment: