എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
കോട്ടയം: എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശശീന്ദ്രനെ മന്ത്രിയാക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷം എന്നും കൊട്ടിഘോഷിക്കുന്ന സദാചാരത്തിന് എതിരായ നടപടിയില്ലേ ഇതെന്നും അദ്ദേഹം ചോദിച്ചു. രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ പരസ്യമായപ്പോഴാണ് ശശീന്ദ്രന് രാജിവയ്ക്കേണ്ടി വന്നത്. ശശീന്ദ്രന്‍ രാജിവെച്ചത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ ആരെങ്കിലും പരാതി കൊടുത്തതു കൊണ്ടോ അല്ല. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത കാത്തുസൂക്ഷിക്കാനാവാതെ വന്നതിനെ തുടര്‍ന്നാണ് രാജിയുണ്ടായത്. ആ സാഹചര്യം ഇപ്പോഴും മാറിയിട്ടില്ല. ചാനല്‍ അടച്ചുപൂട്ടണംഎന്ന് പറയുമ്പോള്‍ കുറ്റം ചെയ്ത മന്ത്രി മാത്രം എങ്ങനെ കുറ്റവിമുക്തനാകുമെന്നും ചെന്നിത്തല ചോദിച്ചു.  ശശീന്ദ്രന്‍ വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തെ ചെന്നിത്തല അപലപിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷം നടക്കുന്ന മാദ്ധ്യമ വേട്ട അങ്ങേയറ്റം അപഹാസ്യമാണ്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും കൂച്ചുവിലങ്ങിടാനുമുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Post A Comment: