ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ച ഏഴുവയസുകാരിയുടെ ചികിത്സ ചെലവായി ആശുപത്രി അധികൃതര്‍ നല്‍കിയത് 18 ലക്ഷം രൂപയുടെ ബില്‍.
ദില്ലി: ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ച ഏഴുവയസുകാരിയുടെ ചികിത്സ ചെലവായി ആശുപത്രി അധികൃതര്‍ നല്‍കിയത് 18 ലക്ഷം രൂപയുടെ ബില്‍. ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രി അധികൃതരാണ് ഭീമമായ തുക അടക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ കുട്ടി 15 ദിവസം ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതിന്‍റെ ബില്ലായാണ് 18 ലക്ഷം രൂപ ഈടാക്കിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു പെണ്‍കുട്ടിയുടെ മരണം.  ട്വിറ്ററില്‍ സംഭവം വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ഡോപ്ഫ്ളോട്ട് എന്ന ട്വിറ്റര്‍ ഉപയോക്തമാവാണ് ആശുപത്രിയുടെ നടപടി പുറത്തുകൊണ്ടുവന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും വിഷയത്തില്‍ പിന്നീട് ഇടപെട്ടു. കുട്ടി രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നെന്ന് പിതാവ് ജയന്ത് സിങ് പറഞ്ഞു. മസ്തിഷ്കത്തിലെ കോശങ്ങള്‍ നശിച്ചതായി കണ്ടെത്തിയെങ്കിലും ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഐസിയുവില്‍ കുറേ ദിവസം കുട്ടിയെ കിടത്തി. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുതന്നില്ലെന്നും മരണസര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയില്ലെന്നും പിതാവ് പറഞ്ഞു. ആശുപത്രി അധികൃതര്‍ 2700 കയ്യുറകള്‍ ഉപയോഗിച്ചെന്നും ഇതിനാണ് പണം ഈടാക്കിയതെന്നും ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. തന്‍റെ സഹപാഠിയുടെ മകളാണ് മരിച്ചതെന്നും ട്വീറ്റിലുണ്ടായിരുന്നു

Post A Comment: