ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സഊദി തീരുമാനിച്ചു.
റിയാദ്: ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സഊദി തീരുമാനിച്ചു. ഡിസംബര്‍ മുതല്‍ ബാരലിന് 0.65 ഡോളര്‍ വര്‍ധിപ്പിക്കും. ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ അധികൃതരെ ഉദ്ധരിച്ച് സാമ്പത്തിക മാധ്യമങ്ങളാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ഏഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സഊദിയുടെ പുതിയ നീക്കം ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ എണ്ണ വിപണി വില വര്‍ധനവിന് കാരണമായേക്കും. ഉയര്‍ന്ന ആവശ്യകതയും ഉന്നത ലാഭവും മുന്നില്‍ കണ്ടാണ് സഊദി അരാംകോ ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. ഇന്ത്യയെ കൂടാതെ ഏഷ്യയിലെ മറ്റുപ്രധാന ഉപഭോക്താക്കളായ ചൈനയിലും എണ്ണവില ഗണ്യമായി ഉയരുമെന്നാണ് കണക്കുകള്‍. ഏഷ്യന്‍ വിപണിയെ കൂടാതെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിതരണ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ബാരലിന് 0.90 ഡോളറാണ് വില വര്‍ധനവ്. ഒപെക്ക് രാജ്യങ്ങളും പുറത്തുള്ള രാജ്യങ്ങളുമായുള്ള സംയുക്ത തീരുമാന പ്രകാരം എണ്ണയുല്‍പാദന നിയന്ത്രണം നിലനില്‍ക്കെയാണ് സഊദിയുടെ നീക്കം. സഊദിയെ കൂടാതെ, ദുബൈ, മസ്‌കത്ത് വിലയുമായി തുലനം ചെയ്യുമ്പോള്‍ 1.25 ഡോളര്‍ കൂടുതലാണ് സഊദി ക്രൂഡ് ഓയില്‍ വില. എണ്ണവില വര്‍ധിപ്പിക്കുമ്പോള്‍ 2014 സെപ്തംബറിന് ശേഷമുള്ള ഏറ്റവും കൂടിയ വിലയായിരിക്കും ഡിസംബറില്‍ ലഭിക്കുന്നത്. അറബ് ക്രൂഡ് ഓയിലിന്റെ എക്‌സലന്റ് ഇനത്തിലുള്ള എണ്ണക്ക് വിപണിയില്‍ 45 സെന്റും സാധാരണ അറബ് ക്രൂഡ് ഓയിലിന് 65 സെന്റും വില വര്‍ധിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യയിലേക്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന നിലവിലെ പ്രമുഖ എണ്ണയുല്‍പാദന രാജ്യമാണ് സഊദി അറേബ്യ. മേഖയിലയിലെ എണ്ണ വിപണിയിലെ ആധിപത്യം നില നിര്‍ത്തുന്നതിനായി ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ വിലയില്‍ ഏഴു മാസം മുന്‍പ് അരാംകോ നേരിയ കുറവ് അനുവദിച്ചിരുന്നു.

Post A Comment: