ചൊവ്വാഴ്ച മൂന്നാറില്‍ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ സിപിഐക്കെതിരായ പ്രതിഷേധമാണെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം.

തൊടുപുഴ: ചൊവ്വാഴ്ച മൂന്നാറില്‍ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ സിപിഐക്കെതിരായ പ്രതിഷേധമാണെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം. മൂന്നാര്‍ ഉള്‍പ്പെടെ 10 പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എങ്ങിനെയും ഹര്‍ത്താല്‍ വിജയിപ്പിക്കാനാണ് സി.പി.ഐ.എം നേതൃത്വത്തിന്‍റെ തീരുമാനം. ഭൂമിപ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി എടുത്ത തീരുമാനങ്ങള്‍ റവന്യുവകുപ്പ് അട്ടിമറിക്കുകയാണെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി കെ.കെ. വിജയന്‍ ആരോപിച്ചു. ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള കൊട്ടാക്കമ്പുരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ റവന്യു വകുപ്പിന്‍റെ നടപടിയാണ് സിപിഐഎമ്മിനെ പ്രകോപിപ്പിച്ചത്.
റവന്യു വകുപ്പ് തയാറാക്കിയ 58ാം നമ്പര്‍ ബ്ലോക്കിലെ ഭൂമി കൈവശപ്പെടുത്തിയവരുടെ പട്ടികയില്‍ പെരുമ്പാവൂരിലെ സിപിഐഎം കൗണ്‍സിലര്‍ ജോണ്‍ ജേക്കബ്, മറയൂര്‍ മുന്‍ ഏരിയാ സെക്രട്ടറി എം. ലക്ഷ്മണന്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് റവന്യു വകുപ്പു വ്യക്തമാക്കിയതോടെയാണു ഹര്‍ത്താല്‍ ഭീഷണിയുമായി സിപിഐഎം രംഗത്തെത്തിയത്.

Post A Comment: