ഹാദിയ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം സേലത്തേക്ക് പുറപ്പെട്ടു


ദില്ലി: ഹാദിയ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം സേലത്തേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.20ന്‍റെ ഇന്‍ഡിഗോ വിമാനത്തിലാണ് കോയമ്പത്തൂരിലേക്ക് തിരിച്ചത്. വൈകീട്ട് കോയമ്പത്തൂരിലെത്തുന്ന ഹാദിയ അവിടെ റോഡു മാര്‍ഗം സേലത്തേക്ക് തിരിക്കും. വൈകീട്ടു ആറു മണിയോടെ സേലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത സുരക്ഷയിലായാണ് ഹാദിയയുടെ യാത്ര. വീട്ടുകാരുടെ സംരക്ഷണയില്‍ നിന്ന് സര്‍ക്കാറിന്‍റെ സംരക്ഷണയിലേക്കു മാറുന്ന ഹാദിയ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കാനാണ് സേലത്തേക്ക് പോവുന്നത്. ഹാദിയ പഠിച്ചിരുന്ന സേലം ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനും ഇന്റന്‍ഷിപ്പ് പൂര്‍ത്തീകരണത്തിനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിനോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കോടതി വിധി പാലിക്കുമെന്ന് കോളജ് അധികൃതരും വ്യക്തമാക്കി കഴിഞ്ഞു. കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാല്‍ ഹാദിയയ്ക്കു ചുറ്റും തമിഴ്‌നാട് പൊലീസിന്‍റെയും കേരളപൊലിസിന്‍റെയും ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും.

Post A Comment: