ഭോപ്പാലിലെ ഹിന്ദു മഹാസഭയുടെ ഒാഫീസില്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചതിന് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസയച്ചുഗ്വാളിയാര്‍: ഭോപ്പാലിലെ ഹിന്ദു മഹാസഭയുടെ ഒാഫീസില്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചതിന് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസയച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ശിവരാജ് സിങാണ് പ്രതിമ സ്ഥാപിച്ചത് സംബന്ധിച്ച്‌ സംഘടയുടെ വൈസ് പ്രസിഡന്‍റ് ജയ് വീര്‍ ഭരത്വാജിന് കാരണം കാണിക്കല്‍ നോട്ടീസയച്ചത്. അനുവാദമില്ലാതെ പ്രതിമ സ്ഥാപിക്കുകയും പൂജകള്‍ നടത്തി ക്ഷേത്രമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി നോട്ടീസില്‍ പറയുന്നു. ‍ക്ഷേത്ര പ്രഖ്യാപനം സംബന്ധിച്ച്‌ 2001ല്‍ പുറത്തിറക്കിയ നിയമത്തിന് വിരുദ്ധമായാണ് ഇൗ പ്രവര്‍ത്തികളെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ പ്രതിമ പൊളിച്ചു മാറ്റുന്ന നടപടികളിലേക്ക് നീങ്ങുമെന്നും എ.ഡി.എം നോട്ടീസില്‍ പറയുന്നു.
എന്നാല്‍ പ്രതിമ സ്ഥാപിച്ചതില്‍ നിയമലംഘനങ്ങളൊന്നും തന്നെ ഇല്ലെന്നും സ്വന്തം സ്ഥലത്ത് എന്തും ചെയ്യാന്‍ അനുവാദമുണ്ടെന്നും താന്‍ നിയമം അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും സംഘടന വൈസ് പ്രസിഡന്‍റ് ജയ് വീര്‍ ഭരത്വാജ് പറഞ്ഞു. നോട്ടീസിന് താമസിയാതെ മറുപടി നല്‍കുമെന്നും ഭരത്വാജ് വ്യക്തമാക്കി. നാഥുറാം ഗോഡ്സെക്കായി ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം വേണമെന്ന് നേരത്തെ ഹിന്ദു മഹാ സഭ ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം തങ്ങള്‍ അധികാരത്തില്‍ തിരികെ എത്തിയാല്‍ ഏത് തരത്തിലുള്ള ഗോഡ്സെ പ്രതിമയും തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മനക്ക് അഗര്‍വാള്‍ പറഞ്ഞു.

Post A Comment: