സംഭവത്തില്‍ സിപിഐഎം, ആര്‍എംപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു,

കുന്നംകുളം: തിരുത്തികാട് സിപിഐഎം പ്രവര്‍ത്തകനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍  സിപിഐഎം, ആര്‍എംപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു, പ്രതികള്‍ ഒളിവില്‍. പോര്‍ക്കുളം വാടാശ്ശേരി വീട്ടില്‍ അര്‍ജുനന്‍, പെരുമ്പാള വീട്ടില്‍ ജിബിന്‍രാജ്, ചല്ലിയില്‍ വീട്ടില്‍ പ്രസാദ്, ചല്ലിയില്‍ വീട്ടില്‍ ഉണ്ണികുട്ടന്‍, പോര്‍ക്കുളം  സ്വദേശികളായ വിമല്‍, വിഘ്നേഷ് എന്നിവരുടെയും  കണ്ടാലറിയാവുന്ന മറ്റു എട്ടു പേരുടെയും പേരിലാണ് പോലീസ് 308, 324, തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കുന്നംകുളം തിരുത്തികാട് നടന്ന സംഘര്‍ഷത്തില്‍ മച്ചിങ്ങല്‍ വീട്ടില്‍ വിനീത് (26) നു തലക്കു പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നെറ്റിയില്‍ 3 തുന്നലുകള്‍ ഇടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിനീത് പോലീസില്‍ നല്‍കിയ പരാതിയിലാണ് വധശ്രമത്തിന്  കേസെടുത്തിരിക്കുന്നത്. രണ്ടുമാസം മുന്‍പ് വിനീത് ഉള്‍പെട്ട സംഘത്തിന്‍റെ ആക്രമണത്തില്‍ പ്രതികളില്‍ ഒരാളായ അര്‍ജുനന് പരിക്കേല്‍ക്കുകയും വിനീത് 14 ദിവസത്തോളം റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഇരു വിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന വിനീതിനെ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.  സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

Post A Comment: