ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ മുക്കം പ്രദേശത്ത് നടക്കുന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു.കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ മുക്കം പ്രദേശത്ത് നടക്കുന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വ്യവസായ മന്ത്രി എ.സി.മൊയ്തീനാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോഴിക്കോട് കളക്‌ട്രേറ്റിലാണ് സര്‍വകക്ഷി യോഗം നടക്കുക. അതിനിടെ തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം. തോമസുമായി ഗെയില്‍ അധികൃതര്‍ ചര്‍ച്ച നടത്തി. പ്രദേശത്തെ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയുമായി അധികൃതര്‍ ചര്‍ച്ച നടത്തിയത്. മുക്കത്ത് ഗെയില്‍ പദ്ധതിക്കെതിരേ നടന്ന സമരത്തില്‍ പങ്കെടുത്തവരെ പോലീസ് തല്ലിച്ചതച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ മുക്കത്ത് എത്തുകയും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച്‌ സമരക്കാരെ നേരിട്ടാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചത്. പോലീസ് അതിക്രമം നടന്ന ഇരഞ്ഞിമാവില്‍ ഇന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനും സന്ദര്‍ശനം നടത്തിയിരുന്നു.

Post A Comment: