എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി.


ദില്ലി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി. വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. ഇത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണുള്ളതെന്നും സുപ്രീം കോടതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ന്യൂനപക്ഷ കമ്മീഷനു മുന്നില്‍ ഉന്നയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് പൊതു താത്പര്യ ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, മണിപ്പുര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച്‌ ഹിന്ദുക്കളുടെ പ്രാതിനിധ്യം കുറവാണെന്നും അതിനാല്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും ചുണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. മറ്റു മതവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

Post A Comment: