ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ പൂര്‍ണമായും സഹകരിച്ച് തൃശൂര്‍ ജില്ല. ജില്ലയില്‍ 70 കിലോ മീറ്റര്‍ ദൂരത്തിലാണ് പൈപ്പ്‌ലൈന്‍ കടന്നു പോകുന്നത്.


തൃശൂര്‍: ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ പൂര്‍ണമായും സഹകരിച്ച് തൃശൂര്‍ ജില്ല. ജില്ലയില്‍ 70 കിലോ മീറ്റര്‍ ദൂരത്തിലാണ് പൈപ്പ്‌ലൈന്‍ കടന്നു പോകുന്നത്. പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ആദ്യനാളുകളില്‍ തൃശൂരിലും ആശങ്കയുണ്ടായിരുന്നു. ചിലയിടത്ത് സമരങ്ങളുണ്ടായി. എന്നാല്‍ അധികൃതരുടെ കൃത്യമായ ഇടപെടല്‍ മൂലം ജില്ലയില്‍ സ്ഥലമേറ്റെടുക്കാന്‍ ഗെയിലിനായി. ഭൂരിഭാഗം പ്രദേശത്തും പൈപ്പിടലും പൂര്‍ത്തിയായി. ജില്ലയില്‍ 30 വില്ലേജുകളിലായി 70 കിലോ മീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. സ്ഥലമേറ്റെടുത്ത വകയില്‍ കൃഷിയുടെ നഷ്ടപരിഹാരമായി 24 കോടി രൂപയാണ് തൃശൂര്‍ ജില്ലയില്‍ ഗെയില്‍ നല്‍കുന്നത്. ഇതേ സമയം പദ്ധതി നടപ്പാക്കുന്നത് അനിശ്ചിതമായി വൈകിയതിനാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായി ഗെയില്‍ വ്യക്തമാക്കുന്നു. ജില്ലയിലെ 70 കിലോമീറ്ററും എറണാകുളത്തെ എറണാകുളത്തെ 16 കിലോമീറ്ററും പാലക്കാട്ടെ 4 കിലോമീറ്ററുമുള്‍പ്പെടുന്ന 90 കിലോ മീറ്റര്‍ ദൂരത്തിന് നേരത്തെ 90 കോടി രൂപയാണ് ചിലവ് പ്രതീക്ഷിച്ചിരുന്നത്. പദ്ധതി വൈകിയത് മൂലം ഈ ചിലവ് 170 കോടി രൂപയായി ഉയര്‍ന്നു. ഏതാണ്ട് ഇരട്ടി തന്നെ. ജില്ലയില്‍ പെരുമ്പിലാവ്, പൂമംഗലം, മടത്തുംപടി, പള്ളിപ്പുറം മേഖലയിലാണ് നിലവില്‍ പൈപ്പ്‌ലൈന്‍ പ്രവൃത്തികള്‍ നടക്കുന്നത്. അടുത്ത ഘട്ടത്തില്‍ അന്നകര, ചൂണ്ടല്‍ മേഖലകളില്‍ പ്രവൃത്തികള്‍ ആരംഭിക്കും. ജില്ലയില്‍ അഞ്ചിടത്താണ് ഗെയിലിന് സബ് സ്റ്റേഷനുകളുള്ളത്. ഇവിടെ സ്ഥാപിക്കുന്ന വാല്‍വുകളാണ് വാതക പ്രവാഹം നിയന്ത്രിക്കുക. പുത്തന്‍വേലിക്കര, പൂമംഗലം, കാറളം, പെരുവല്ലൂര്‍, ചൊവന്നൂര്‍ എന്നിവിടങ്ങളിലാണ് സെക്ഷനൈസിംഗ് വാല്‍വുകളുള്ള സബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. ഓരോ 70 കിലോ മീറ്റര്‍ ദൂരത്തിലും സ്ഥാപിക്കുന്ന ഇന്റര്‍മീഡിയറ്റ് പിഗിങ്ങ് സ്റ്റേഷന്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തിയിലുള്ള ചാലിശേരിയില്‍ സ്ഥാപിക്കും.


Post A Comment: