സോളാര്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ല. പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം

Midhun

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ല. പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസ് അരിജിത് പസായത് നല്‍കിയ നിയമോപദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
സോളാര്‍ റിപ്പോര്‍ട്ടിലെ അഴിമതിക്കേസ് നിലനില്‍ക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. എന്നാല്‍ സരിത എസ് നായര്‍ നല്‍കിയിരിക്കുന്ന ലൈംഗിക പരാതിയില്‍ തെളിവ് ശേഖരണത്തിന് ശേഷം കേസ് എടുത്താല്‍ മതിയെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്നാണ് മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.
തുടരന്വേഷണം നടത്തി അന്വേഷണസംഘത്തിന് ബോധ്യപ്പെടുന്ന തെളിവുകള്‍ ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നാണ് പസായത് നല്‍കിയിരിക്കുന്ന ഉപദേശം. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നും കൃത്യതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കപ്പൊടമെന്നും പസായത് വ്യക്തമാക്കുന്നു. നാളെ സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കാനിരിക്കെയാണ് സര്‍ക്കാരിന് ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 11 മന്ത്രിസഭായോഗ ശേഷം സോളാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും കമ്മീഷന്റെ ശുപാര്‍ശകളും വിശദീകരിക്കവെയാണ് കേസില്‍ തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. റിപ്പോര്‍ട്ടില്‍ പറയുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി നിരോധനനിയമപ്രകാരവും സരിതയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാനഭംഗക്കേസും രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനായി ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തിനും രൂപം നല്‍കി.
അന്വേഷണപ്രഖ്യാപനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി ജസ്റ്റിസ് അരിജിത് പസായത്തിന് കൈമാറിയത്. വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനത്തില്‍ മന്ത്രിസഭയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.


Post A Comment: