ജയലളിതയുടെ സഹോദരിയുടെ വളര്‍ത്തുപുത്രിയായ അമൃതയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്


ദില്ലി: മുന്‍തമിഴ് നാട് മുഖ്യമന്ത്രി ജയലളിത തന്‍റെ അമ്മയാണെന്നും ഇത് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് യുവതി സുപ്രീംകോടതിയെ സമീപിച്ചു. ബംഗളൂരുവില്‍ തമാസിക്കുന്ന 37 വയസ്സായ അമൃതയാണ് ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയത്. ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജയലളിതയുടെ സഹോദരിയുടെ വളര്‍ത്തുപുത്രിയായ അമൃതയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജയലളിതയുടെ മരണത്തിന് ശേഷമാണ് താന്‍ സത്യമറിഞ്ഞതെന്നും യുവതി പറഞ്ഞു. 1980 ആഗസ്റ്റ് 14ന് മൈലാപൂരിലെ ജയലളിതയുടെ വീട്ടില്‍ വെച്ചാണ് താന്‍ ജനിച്ചതെന്നാണ് അമൃതയുടെ അവകാശവാദം. പരമ്പരാഗതമായ ബ്രാഹ്മണ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന കുടുംബത്തിനുണ്ടാകുന്ന അപമാനത്തെക്കുറിച്ചോര്‍ത്ത് തന്‍റെ ജനനം രഹസ്യമാക്കി വെക്കുകയായിരുന്നു. അമൃതയുടെ അമ്മായിമാരായ എല്‍.എസ്. ലളിതയും രഞ്ജിനി രവീന്ദ്രനാഥും കേസില്‍ കക്ഷികളാണ്. ജയലളിതയുടെ സഹോദരിമാരായ ഇവരും അമൃതയുടെ അവകാശവാദം അംഗീകരിച്ചുകൊണ്ടും അമൃതയും ജയലളിതയും തമ്മിലുള്ള ബന്ധം തെളിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുമാണ് കോടതിയെ സമീപിച്ചത്. ജയലളിതയുടെ മൂത്ത സഹോദരി ശൈലജയുടെ വളര്‍ത്തുപുത്രിയാണ് അമൃത. 2015ലാണ് ശൈലജ മരിച്ചത്. വൈകാതെ ഇവരുടെ ഭര്‍ത്താവ് സാരഥിയും മരിച്ചു. മരണക്കിടക്കയില്‍ വെച്ച്‌ സാരഥിയാണ് ജയലളിതയുടെ മകളാണ് അമൃത എന്ന സത്യം വെളിപ്പെടുത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ് തമിഴകത്തെ തിളങ്ങുന്ന താരമായിരുന്ന ജയലളിതക്ക് ഭൂമിയായും വീടുകളായും ആഭരണങ്ങളായും കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. 2016ല്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 113 കോടിയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Post A Comment: