ഞരമ്പ് രോഗിയായ അയല്‍വാസിയില്‍ നിന്നും ഏഴ് വര്‍ഷമായി തുടരുന്ന മാനസിക പീഡനത്തിനെതിരെ പരാതിപ്പെട്ടിട്ടും നീതി ലഭിക്കാതെ അധ്യാപക ദമ്പതികള്‍.

Midhun

പത്തനംതിട്ട: ഞരമ്പ് രോഗിയായ അയല്‍വാസിയില്‍ നിന്നും ഏഴ് വര്‍ഷമായി തുടരുന്ന മാനസിക പീഡനത്തിനെതിരെ പരാതിപ്പെട്ടിട്ടും നീതി ലഭിക്കാതെ അധ്യാപക ദമ്പതികള്‍. തിരുവല്ല കവിയൂര്‍ സ്വദേശിയായ അന്ധനായ അധ്യാപകനും ഭാര്യയുമാണ് നീതിക്കായി അധികൃതരുടെ മുന്നില്‍ നിസ്സഹായതയോടെ നില്‍ക്കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാഴ്ച നഷ്ടപ്പെട്ട യുപി സ്‌കൂള്‍ അധ്യാപകനും സ്വകാര്യകോളെജിലെ അധ്യാപികയായ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകനും അടങ്ങുന്ന ഈ കുടുംബം തിരുവല്ലക്ക് സമീപം കവിയൂരില്‍ അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങി താമസമാരംഭിച്ചത്. കഴിഞ്ഞ ഏഴോളം വര്‍ഷങ്ങളായി സമീപവാസിയായ യുവാവ് രാത്രി കാലങ്ങളില്‍ ഇവരുടെ വീട്ടുവളപ്പില്‍ കയറി കിടപ്പറയില്‍ ഒളിഞ്ഞ് നോക്കുകയും അധ്യാപികയുടെ അടിവസ്ത്രങ്ങള്‍ അപഹരിക്കുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പടെയുള്ള ശല്യങ്ങള്‍ പതിവാക്കി. ഇതോടെ ഈ കുടുംബം വീടിന്റെ ചുറ്റുമതില്‍ ആറടിയിലധികം ഉയര്‍ത്തി കെട്ടി. ഇതുകൊണ്ടും ശല്യം തീരാതെ വന്നതോടെ സമീപവാസികളോട് ഇയാളെപ്പറ്റി പരാതിപ്പെട്ടപ്പോഴാണ് മുന്‍പ് ഈ വീട്ടില്‍ താമസിച്ചിരുന്ന കുടുംബം ഇയാളുടെ ശല്യം കാരണമാണ് വീടും സ്ഥലവും വിറ്റ് സ്ഥലം വിട്ടെതെന്ന് മനസ്സിലായതെന്ന് അധ്യാപകന്‍ പറയുന്നു.
ഈ യുവാവിന്റെ ശല്യത്തെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം അറിയാവുന്നതുകൊണ്ട് ഈ സ്ഥലവും വീടും വില്‍ക്കാന്‍ ഉള്ള ശ്രമങ്ങളും നടന്നില്ലെന്നും അധ്യാപകന്‍ പറഞ്ഞു. സമീപവാസികള്‍ ഭൂരിഭാഗവും ഇയാളുടെ ബന്ധുക്കളായതിനാല്‍ അവര്‍ ഇയാള്‍ക്കെതിരെ പരാതിപ്പെടാന്‍ തയ്യാറല്ല. ശല്യം സഹിക്കാനാവാതെ വന്നതോടെ തിരുവല്ല പൊലീസിനും ആര്‍ഡിഒയ്ക്കും പരാതി നല്‍കിയെങ്കിലും ഇയാളുടെ ബന്ധുക്കളുടെ സ്വാധീനം കാരണം യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
യുവാവിന്റെ ഇത്തരം പ്രവൃത്തികള്‍ കാരണം നിലവില്‍ ജീവിക്കാനാവാത്ത അവസ്ഥയിലാണ് തങ്ങളെന്ന് അധ്യാപിക പറഞ്ഞു.


Post A Comment: